ബെംഗളൂരു: സൈബർ കുറ്റകൃത്യങ്ങളുടെ പദാവലിയിൽ 'ജ്യൂസ് ജാക്കിങ്' എന്ന പദം കൂടി ചേര്‍ക്കപ്പെടുകയാണ്. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈൽ ഫോണിന്‍റെ ചാർജിങ് കേബിൾ സൗകര്യാർഥത്തിൽ ഡാറ്റാ കേബിളായി പരിവർത്തനം ചെയ്‌തത് മുതൽ മൊബൈൽ ഫോണുകളിൽ സംഭരിച്ചിരിക്കുന്ന സ്വകാര്യ ഡാറ്റ ഹാക്ക് ചെയ്യുന്നതിനുള്ള ഒരു എളുപ്പ മാർഗമാണ് ജ്യൂസ് ജാക്കിങ്.
ജ്യൂസ് ജാക്കിങ് സൂക്ഷിക്കുക: പുതിയ മാർഗത്തിലൂടെ സൈബർ കുറ്റവാളികൾ നിങ്ങളെ കബളിപ്പിച്ചേക്കാം - ഐ.ടി ഹബ്ബ്
പൊതു സ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക. പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിങ് പോയിന്‍റുകൾ വഴി ഹാക്കർമാർ നിങ്ങളുടെ ഡാറ്റ ചോര്‍ത്തുന്നതിന് സാധ്യതയുണ്ട്. ഈ ചാർജിങ് പോയിന്‍റുകളിൽ നിന്ന് ഫോണുകൾ ചാർജ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിങ്
വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിങ് പോയിന്‍റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിങ്ങിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വ്യക്തിയുടെ വിശദാംശങ്ങൾ ചോര്‍ത്തുന്നതിന് ഇടയാക്കാം. ബാങ്കിങ്ങിനായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോര്‍ത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യും. അവർ പാസ്‌വേഡുകൾ റീസെറ്റ് ചെയ്‌ത് ഉപകരണത്തിൽ നിന്ന് ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യും. ഐടി ഹബ്ബായ ബെംഗളൂരുവിലും മറ്റും സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണെന്ന് ജോയിന്‍റ് പൊലീസ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറയുന്നു. പ്രാദേശിക പൊലീസ് സ്റ്റേഷനുകളും സൈബർ ക്രൈം സ്റ്റേഷനുകളും നിരവധി പരിശോധനകള്‍ നടത്തുന്നുണ്ട്. പലയിടത്തും ചാർജിങ് പോയിന്‍റുകൾ ലഭ്യമാണെന്നും അതിനാല്‍ ഹാക്കിങ് സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഗത ഡാറ്റ മോഷ്‌ടിക്കാൻ ഉപയോഗിക്കുന്ന ഒരു രീതി മാത്രമാണ് ജ്യൂസ് ജാക്കിങ്. ഇത് തടയാനുള്ള ഏക മാർഗം ജ്യൂസ് ജാക്കിങ് നടക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക മാത്രമാണ്.