ന്യൂഡല്‍ഹി: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പദവിയെ ദുര്‍ബലപ്പെടുത്താനാണ് ഇത്തരത്തിലൊരു നടപടിയെന്നും രഞ്ജന്‍ ഗോഗൊയ് പ്രതികരിച്ചു. കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയത്.
ലൈംഗികാരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് - ranjan gogoi
ജീവനക്കാരോടെല്ലാം മാന്യമായിട്ടാണ് പെരുമാറുന്നതെന്നും ഇത് ബ്ലാക്‌മെയില്‍ തന്ത്രമാണെന്നും രഞ്ജന്‍ ഗൊഗോയ്. അടിയന്തരമായി വിളിച്ച് ചേര്‍ത്ത സിറ്റിങ്ങിലായിരുന്നു പ്രതികരണം.
ആരോപണം തീര്‍ത്തും കള്ളവും നിന്ദ്യവുമാണെന്ന് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഇതിനോട് പ്രതികരിച്ച് തനിക്ക് അത്ര തരം താഴാന്‍ വയ്യ. താന്‍ ജീവനക്കാരോടെല്ലാം മാന്യമായിട്ടാണ് പെരുമാറുന്നത്. ഇത് ബ്ലാക്‌മെയില്‍ തന്ത്രമാണ്. പണം നല്‍കി തന്നെ ആര്‍ക്കും സ്വാധീനിക്കാനാവില്ലെന്നും തന്‍റെ കയ്യില്‍ ആകെയുള്ളത് ആറ് ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് മാത്രമാണെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. പണം നല്‍കി സ്വാധീനിക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അടിയന്തരമായി വിളിച്ച് ചേര്‍ത്ത സിറ്റിങ്ങില്‍ ചീഫ് ജസ്റ്റിസ് അറിയിച്ചു.