ന്യൂഡല്‍ഹി: ഭരണഘടന ദിനത്തില്‍ പാർലമെന്‍റില്‍ പ്രത്യേക യോഗം ചേർന്നു. 'സംവിധാന്‍ ദിവസ്' എന്ന പേരിലാണ് എന്‍.ഡി.എ മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്നത്. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേർന്ന യോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പങ്കെടുത്തു.
ഭരണഘടന ദിനത്തില്‍ പ്രത്യേക യോഗവുമായി പാർലമെന്‍റ്; ബഹിഷ്കരിച്ച് പ്രതിപക്ഷം
പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു.
അതേ സമയം മഹാരാഷ്ട്ര വിഷയം അടക്കമുള്ള കേന്ദ്ര സർക്കാർ നിലപാടുകളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ ചില പ്രതിപക്ഷ കക്ഷികള്‍ യോഗം ബഹിഷ്കരിച്ചു. ഡല്‍ഹിയിലെ അനധികൃത താമസക്കാരുടെ അവകാശ സംരക്ഷണം ഉറപ്പു വരുത്തുന്ന ബില്‍ ഉൾപ്പെടെ ഇന്ന് പാസാക്കാനിരിക്കെയാണ് പ്രതിപക്ഷ പ്രതിഷേധം. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ബില്‍ അവതരിപ്പിക്കുക. ഡല്‍ഹിയിലെ 40 ലക്ഷത്തോളം പേരെ ബാധിക്കുന്ന നിര്‍ണ്ണായക ബില്ലാണിത്. കേന്ദ്രഭരണ പ്രദേശങ്ങളായ ദമാന്‍, ദിയു, ദാദ്ര, നാഗര്‍ ഹവേലി എന്നിവയുടെ ലയനവുമായി ബന്ധപ്പെട്ട ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ട്രേഡ് യൂണിയനുകൾ, തൊഴിലാളി ക്ഷേമം, തൊഴില്‍ തര്‍ക്ക പരിഹാരം തുടങ്ങിയ കാര്യങ്ങള്‍ വ്യവസ്ഥചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ഭേദഗതി ബില്ലും ഇന്ന് സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി സന്തോഷ് ഗങ്‌വാറാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുന്നത്.
1988ലെ എസ്.പി.ജി ആക്ട് ഭേദഗതി ബില്ലും സഭയില്‍ ഇന്ന് അവതരിപ്പിക്കും. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും മാത്രമേ എസ്.പി.ജി സുരക്ഷ നല്‍കേണ്ടതുള്ളു എന്ന് ബില്ലില്‍ ഭേദഗതി വരുത്തും. ഇത് പ്രധാനമന്ത്രി ആയിരിക്കുന്ന കാലത്ത് മാത്രമാകുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ബില്ലും ഇന്ന് സഭ പാസാക്കും. രാജ്യസഭ പാസാക്കിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആക്റ്റ്, 2014 ഭേദഗതി കേന്ദ്രമന്ത്രി സോം പ്രകാശാണ് അവതരിപ്പിക്കുക. ഇ-സിഗരറ്റ് നിരോധനവുമായി ബന്ധപ്പെട്ട ബില്ലും ഇന്ന് ചര്‍ച്ചയാകും. കേന്ദ്രമന്ത്രി ഹർഷ് വർധനാണ് ബില്‍ അവതരിപ്പിക്കുക. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് ബില്‍ അവതരിപ്പിക്കുന്നത്.