ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ ജെഎൻയു വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ചിൽ സംഘർഷം. പ്രധാന ഗേറ്റില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. യൂണിയൻ നോതാവ് ഐഷ് ഘോഷടക്കം 54 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ശക്തമായതോടെ ജെഎൻയുവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജെഎൻയു നിരോധനാജ്ഞയില്‍ സംഘർഷം; 54 പേർ അറസ്റ്റില്‍
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യര്‍ഥികളുടെ മാര്‍ച്ച് പ്രധാന ഗേറ്റിന് സമീപം പൊലീസ് തടഞ്ഞു. 54 വിദ്യാർഥികള്‍ പൊലീസ് കസ്റ്റഡിയിൽ.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ എംപിമാരോട് അഭ്യർഥിക്കാനുമാണ് മാര്‍ച്ചെന്ന് ജെഎൻയു വിദ്യാര്‍ഥി യൂണിയൻ നേതാക്കൾ നേരത്തെ വ്യക്തമാക്കിയുരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്‌ച ഹോസ്റ്റല്‍ ഫീസ് വര്‍ധന ഭാഗികമായി പിൻവലിച്ചിരുന്നെങ്കിലും ആവശ്യങ്ങൾ പൂര്‍ണമായി അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികൾ.കഴിഞ്ഞ പതിനേഴ് ദിവസമായി തുടരുന്ന പ്രതിഷേധത്തിനൊടുവിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ഹോസ്റ്റല്‍ ഫീസ് ഭാഗികമായി പിൻവലിച്ചത്. അതേസമയം പരീക്ഷകൾ അടുത്തിരിക്കുന്നതിനാല്‍ വിദ്യാർഥികൾ പ്രതിഷേധം ഉപേക്ഷിച്ച് ക്ലാസുകളിലേക്ക് മടങ്ങണമെന്ന് ജെഎൻയു വൈസ് ചാൻസലർ എം.ജഗദേശ് കുമാർ ആവശ്യപ്പെട്ടിരുന്നു.