ന്യൂഡല്‍ഹി: നിലവിലെ വൈസ് ചാൻസലർ പ്രൊഫ. എം. ജഗദീഷ് കുമാർ വിദ്യാർഥികളുടെ താൽപ്പര്യാർത്ഥം പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി. ജെഎൻയു കാമ്പസിൽ സ്വാമി വിവേകാനന്ദന്‍റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്. ഇതിനുപുറമെ ഗുജറാത്ത് ലഹളയും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
ജെഎൻയുവില്‍ വീണ്ടും വിവാദം; പ്രധാനമന്ത്രിക്ക് കത്തെഴുതി വിദ്യാര്‍ഥികള്‍
ജെഎൻയു കാമ്പസിൽ സ്വാമി വിവേകാനന്ദന്‍റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്.
ഉദ്ഘാടന തീരുമാനം പിൻവലിക്കണമെന്നും വൈസ് ചാൻസലർ എം ജഗദീഷ് കുമാറിന്‍റെ തെറ്റായ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം മാനേജ്മെന്‍റിനാണെന്നും ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ കത്തില്‍ പറയുന്നു. കേന്ദ്ര സർക്കാറിന്‍റെ നിരവധി നയങ്ങളിൽ സ്റ്റുഡന്‍റ്സ് യൂണിയൻ അതൃപ്തി രേഖപ്പെടുത്തി ഒരു പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. വൈകുന്നേരം നോർത്ത് ഗേറ്റിൽ പ്രതിഷേധത്തിന് സ്റ്റുഡന്‍റ്സ് യൂണിയൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, ജെഎൻയു വിദ്യാർത്ഥികളായ നജീബ് അഹമ്മദ്, രോഹിത് വെമുല, എന്നിവരെ കാണാതായതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതേസമയം അഡ്മിൻ ബ്ലോക്കിന് സമീപം സ്വാമി വിവേകാനന്ദന്‍റെ പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യും. മുഴുവൻ പരിപാടികളെയും സ്റ്റുഡന്‍റ്സ് യൂണിയൻ എതിർക്കുകയാണ്. ഉദ്ഘാടനം വൈകുന്നേരം 5.30ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാൽ നിഷാങ്കും പങ്കെടുക്കും.