കൊല്‍ക്കത്ത : നദികളും പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് മുക്തമല്ല. മൂർഷികാബാദില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ ഭാഗീരഥി നദിയെ തന്നാലാവും വിധം സംരക്ഷിക്കുകയാണ് ഗൗതം ചന്ദ്ര ബിശ്വാസ്. എന്നും നദിയിലെ പ്ലാസ്റ്റിക്ക് നീക്കം ചെയ്താണ് വാർധക്യത്തിലും അദ്ദേഹം നദിയെ സംരക്ഷിക്കുന്നത്. യാതൊരു പ്രതിഫലവും ലഭിക്കുന്നില്ലെങ്കിലും അദ്ദേഹം ദിവസവും നദി വൃത്തിയാക്കുന്നു.
മത്സ്യത്തൊഴിലാളിയാണെങ്കിലും എല്ലാ ദിവസവും സന്ധ്യക്ക് ഗൗതം ചന്ദ്ര ബിശ്വാസിന്‍റെ വഞ്ചിയില്‍ ഉണ്ടാകുക മീനിന് പകരം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. എന്തിനാണ് യാതൊരു കൂലിയും ലഭിക്കാത്ത ജോലിയെടുക്കുന്നതെന്ന് ചോദിച്ചാല്‍ നദിയില്‍ പ്ലാസ്റ്റിക് കുമിഞ്ഞുകൂടുന്നത് കാണാൻ വയ്യ എന്നാണ് ബിശ്വാസിന്‍റെ മറുപടി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് രാജ്യം നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ അതില്‍ ഏറെ സന്തോഷം തോന്നിയെന്നും ബിശ്വാസ് പറയുന്നു.