ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അതിക്രൂരമായ കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് 100 വര്‍ഷം. 1919 ഏപ്രില്‍ 13ന് കൂട്ടക്കൊല നടന്ന് 100 വര്‍ഷങ്ങള്‍ക്കിപ്പുറവും അന്ന് കൊല്ലപ്പെട്ടത് എത്രപേരായിരുന്നെന്ന കൃത്യമായ കണക്കില്ല. അന്നത്തെ ബ്രിട്ടീഷിന്ത്യ സര്‍ക്കാരിന്‍റെ കണക്ക് പ്രകാരം 379 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കണക്കില്‍ മരിച്ചവര്‍ ആയിരത്തിലധികം പേരാണ്.
1919 മാർച്ചിൽ ബ്രിട്ടീഷ് സര്‍ക്കാര്‍ റൗലറ്റ് ആക്റ്റ് എന്ന കരിനിയമം പാസ്സാക്കി. വാറന്‍റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ ആരെയും തുറങ്കിലടയ്ക്കാനും ഈ നിയമം സര്‍ക്കാരിന് അധികാരം നൽകി. ഇതിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്ന കാലം. നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ പൊലീസ് വിചാരണ കൂടാതെ ജയിലിലടച്ചു. 1919 ഏപ്രിൽ 13, സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു അന്ന്. പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ അമൃത്സറിനടുത്തുള്ള ജാലിയൻ വാലാബാഗ് മൈതാനത്ത് ഒരു പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനുപേര്‍ ജാലിയൻ വാലാബാഗിലെ മൈതാനിയിൽ തടിച്ചുകൂടി.