ശ്രീനഗർ:മധ്യ കശ്മീരിലെ ബുഡ്‌ഗാം ജില്ലയിലെ പഖെർപോറയിൽ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്കും നാല് സാധാരണക്കാർക്കും പരിക്കേറ്റതായി അധികൃതർ.
ഉച്ചയ്ക്ക് 12: 30 ഓടെ ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് സംയുക്ത സംഘത്തിന് നേരെ പഖെർപോറയില്‍ തീവ്രവാദികൾ ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള സിആർപിഎഫ് വക്താവ് പങ്കജ് സിംഗ് പറഞ്ഞു.
ആക്രമണത്തിൽ 181 ബിഎൻ സിആർപിഎഫ് കോൺസ്റ്റബിൾ സന്തോഷ് കുമാർ, ജമ്മു കശ്മീർ പൊലീസിലെ എഎസ്‌ഐ ഗുലാം റസൂൽ എന്ന ദിലാവർ എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ നാല് കാൽനടയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ എല്ലാവരെയും പഖെർപോറയിലെ സബ് ജില്ല ആശുപത്രിയിലെക്ക് (എസ്ഡിഎച്ച്) മാറ്റി. പിന്നീട് തുടർ ചികിത്സക്കായി പരിക്കേറ്റ നാല് കാൽനടയാത്രക്കാരെയും ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എസ്ഡിഎച്ച് പഖെർപോരയിലെ ഡോക്ടർമാർ പറഞ്ഞു.
അതേസമയം, ആക്രമണകാരികളെ പിടികൂടുന്നതിനായി സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ്, ഇന്ത്യൻ ആർമി എന്നിവരുടെ സംയുക്ത സംഘം തിരച്ചിൽ ആരംഭിച്ചു.