രാജ്യത്ത് മടങ്ങിയെത്താനായതിൽ സന്തോഷമുണ്ടെന്ന് വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാൻ. വ്യോമസേനാ ഉദ്യോഗസ്ഥരാണ് അഭിനന്ദനെ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറെ നാടകീയതകള്‍ക്കൊടുവിൽ ഇന്നലെ രാത്രിയാണ് വാഗാ അതിർത്തിയിലൂടെ പാകിസ്ഥാൻ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. കൈമാറ്റസമയം പല തവണ മാറ്റിയതും നടപടിക്രമങ്ങള്‍ വൈകിയതും ആശങ്കകള്‍ ഉയർത്തിയിരുന്നു. അവസാന നിമിഷം അഭിനന്ദന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടും പാകിസ്ഥാൻ നാടകീയത തുടർന്നു. ഒടുവിൽ രാത്രി 10 മണിയോടെ അഭിനന്ദൻ ഇന്ത്യൻ മണ്ണിലെത്തി. രാവിലെ മുതൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകളാണ് അഭിനന്ദന് സ്വാഗതമേകാൻ വാഗാ അതിർത്തിയിൽ എത്തിയത്.
കര-നാവിക-വ്യോമസേനാ ഉദ്യോഗസ്ഥരും അഭിനന്ദിനെ സ്വീകരിക്കാൻ സ്ഥലത്തുണ്ടായിരുന്നു. ഇന്ത്യയിലെത്തുന്ന അഭിനന്ദൻ മാധ്യമങ്ങളെ കാണുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ വിങ് കമാൻഡർ ഇന്ത്യയിലെത്തിയെന്ന് സ്ഥിരീകരിച്ച് വ്യോമസേനാ ഉദ്യോഗസ്ഥനാണ് മാധ്യമങ്ങള്‍ക്ക് മുന്നിൽ എത്തിയത്. അഭിനന്ദനെ തിരിച്ചു കിട്ടിയതിൽ സന്തോഷം പങ്കു വച്ച വ്യോമസേന കൂടുതൽ വൈദ്യ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങി നിരവധി പേരും അഭിനന്ദന് ആശംസകളുമായി രംഗത്തെത്തി. ബുധനാഴ്ചയാണ് മിഗ് 21 വിമാനം തകർന്ന്വീണ് അഭിനന്ദൻപാക്പിടിയിലായത്. ലോക രാജ്യങ്ങളുടെ സമ്മർദ്ദവും ഇന്ത്യന്‍ നയതന്ത്ര ഇടപെടലുമാണ് അഭിനന്ദന്‍റെ മോചനം വേഗത്തിലാക്കിയത്.