കേരളം

kerala

ETV Bharat / bharat

കൈവിട്ട കളിയില്‍ നില തെറ്റി കോൺഗ്രസ് - navgeoth singh siddhu

അര ദശാബ്ദത്തിനടുത്ത് ഇന്ത്യ ഭരിച്ച കോൺഗ്രസ് നേരിടുന്നത് നേതൃദാരിദ്ര്യവും സംഘടനാ ദൗർബല്യവുമാണെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസില്‍ അഭിപ്രായം ഉയർന്നതാണ്

കൈവിട്ട കളിയില്‍ നില തെറ്റി കോൺഗ്രസ്

By

Published : Jun 7, 2019, 10:21 PM IST

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ നാഷണല്‍ കോൺഗ്രസ് കടന്നുപോകുന്നത്. ലോക്സഭയില്‍ പ്രതിപക്ഷ നേതൃപദവി ഇല്ലാതെ തുടർച്ചയായി രണ്ടാം തവണയും കോൺഗ്രസ് ഇരിക്കേണ്ടി വരും. അര ദശാബ്ദത്തിനടുത്ത് ഇന്ത്യ ഭരിച്ച കോൺഗ്രസ് നേരിടുന്നത് നേതൃദാരിദ്ര്യവും സംഘടനാ ദൗർബല്യവുമാണെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസില്‍ അഭിപ്രായം ഉയർന്നതാണ്. എന്നാല്‍ ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയുടെ വരവും 2018ല്‍ ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഇടപെടലും ബിജെപിക്കും നരേന്ദ്രമോദിക്കും ഉത്തമ ബദലായി കോൺഗ്രസ് ഉയർന്നുവരുമെന്ന സൂചനയായി രാജ്യം ശ്രദ്ധിച്ചു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് മികച്ച വിജയം നേടി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തില്‍ എത്തുമെന്നും കോൺഗ്രസ് പ്രവർത്തകർ വിശ്വസിച്ചു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ബിജെപി അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കുകയും നരേന്ദ്രമോദി തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി ആകുകയും ചെയ്തു. " നമുക്കിപ്പോഴും 52 എംപിമാർ ഉണ്ട്. ഓരോ ദിവസവും നാം ബിജെപിക്ക് എതിരെ പോരാടും. പാർട്ടി സ്വയം ഉയിർത്തെഴുന്നേല്‍ക്കും " എന്നാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള പാർലമെന്‍ററി പാർട്ടി യോഗത്തില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ രാജിക്കൊരുങ്ങിയ രാഹുല്‍ ഗാന്ധി എന്ത് സന്ദേശമാണ് കോൺഗ്രസ് പ്രവർത്തകർക്ക് നല്‍കുന്നത് എന്ന പല കോണില്‍ നിന്നും ചോദ്യം ഉയർന്നിരുന്നു. അതിന്‍റെ തുടർച്ചയെന്നോണം രാജ്യത്ത് ശേഷിക്കുന്ന കോൺഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ നിന്നെല്ലാം വിമത സ്വരങ്ങൾ ഉയർന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിലേക്കും ഇതര രാഷ്ട്രീയ പാർട്ടികളിലേക്കും ചേക്കേറുന്ന കോൺഗ്രസ് നേതാക്കളേക്കാൾ കൂടുതല്‍ ഒഴുക്കാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കോൺഗ്രസ് നേരിടുന്നത്.

ആദ്യ വിമത സ്വരം ഉയർന്നത് രാജസ്ഥാനിലാണ്. കോൺഗ്രസ് മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ട് സംസ്ഥാന അധ്യക്ഷനും രാഹുലിന്‍റെ വിശ്വസ്തനുമായ സച്ചിൻ പൈലറ്റിന് എതിരെ ശബ്ദമുയർത്തി. തോല്‍വിക്ക് സച്ചിൻ മറുപടി പറയണം എന്നാണ് ഗെഹ്ലോട്ട് പറഞ്ഞത്. പാർലമെന്‍ററി പാർട്ടി യോഗത്തില്‍ രാഹുല്‍ പറഞ്ഞത് മക്കൾ രാഷ്ട്രീയത്തെ കുറിച്ചാണ്. അതു തന്നെയാണ് രാജസ്ഥാനിലും സംഭവിച്ചത്. രാജസ്ഥാനിലെ എല്ലാ സീറ്റിലും കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും സ്വന്തം മകന്‍റെ തോല്‍വിക്ക് സച്ചിൻ പൈലറ്റാണ് ഉത്തരവാദി എന്നു മാത്രമാണ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്. രാജസ്ഥാൻ നിയമസഭയില്‍ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം എന്ന നിർദ്ദേശമാണ് ഏറ്റവും ഒടുവില്‍ ഉയർന്നുവരുന്ന വിഷയം.

അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും

നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരത്തിലെത്തിയ മധ്യപ്രദേശില്‍ ഏത് നിമിഷവും കോൺഗ്രസിന് അധികാരം നഷ്ടപ്പെടാവുന്ന സ്ഥിതിയാണ്. കമല്‍ നാഥ് സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് കാണിച്ച് ബിജെപി ഗവർണർക്ക് കത്ത് നല്‍കി കാത്തിരിക്കുകയാണ്. ഹിന്ദി മേഖലയില്‍ എംഎല്‍എമാരും എംപിമാരും ഇല്ലാതെ പ്രാദേശിക പാർട്ടികളേക്കാൾ പരിതാപകരമായ സ്ഥിതിയാണ് കോൺഗ്രസ് ഇന്ന് നേരിടുന്നത്.

കമല്‍ നാഥ്

അടുത്ത രാഷ്ട്രീയ പ്രശ്നം കോൺഗ്രസ് നേരിട്ടത് ശക്തി കേന്ദ്രമായ പഞ്ചാബിലാണ്. കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിങിന് എതിരെ സംസ്ഥാന മന്ത്രി നവജ്യോത് സിങ് സിദ്ധു ഉയർത്തിയ വിമത നീക്കം കോൺഗ്രസിന് വലിയ തലവേദനയായിക്കഴിഞ്ഞു. സിദ്ധുവിന്‍റെ കൈവശം ഉണ്ടായിരുന്ന സുപ്രധാന വകുപ്പുകൾ മാറ്റിയതോടെ പഞ്ചാബില്‍ ക്യാപ്റ്റൻ അമരീന്ദറും സിദ്ധുവും തമ്മിലുള്ള പോര് ശക്തമായി.

അമരീന്ദർ സിങും നവജ്യോത് സിങ് സിദ്ധുവും

ഒടുവില്‍ തെലങ്കാനയില്‍ ആകെയുള്ള 18 എംഎല്‍എമാരില്‍ 12 പേരും ടിആർഎസില്‍ ചേർന്നതോടെ പ്രതിപക്ഷ പദവി പോലും നഷ്ടമാകുന്ന സ്ഥിതിയാണ്. കോൺഗ്രസ് നിയമസഭാ കക്ഷിയെ ടിആർഎസില്‍ ലയിപ്പിക്കണമെന്നാണ് വിമത കോൺഗ്രസ് എംഎല്‍എമാർ സ്പീക്കറോട് ആവശ്യപ്പെട്ടത്. കർണാടകയിലും സമാന സ്ഥിതിയാണ്. അസംതൃപ്തരുടെ എണ്ണം വർദ്ധിച്ചാല്‍ ഭരണം ബിജെപി തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കർണാടക നിയമസഭയും മാറും.

തെലങ്കാന

ABOUT THE AUTHOR

...view details