ബെംഗളുരു:ഉത്തരാഖണ്ഡ് ദുരന്തത്തിന്‍റെ ആദ്യ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ഋഷി ഗംഗ, ധൗലി ഗംഗ നദീതട പ്രദേശങ്ങളിൽ അവശിഷ്‌ടങ്ങൾ വൻതോതിൽ അടിഞ്ഞുകൂടിയതായും തപോവനിലെയും റെയ്‌നിയിലെയും നിലവിലെ സ്ഥിതിയും ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നു. ബഹിരാകാശ ഏജൻസിയുടെ അഡ്വാൻസ്‌ഡ് എർത്ത് ഇമേജിംഗ്, മാപ്പിംഗ് സാറ്റലൈറ്റ് കാർട്ടോസാറ്റ് -3 ആണ് ചിത്രങ്ങൾ പകർത്തിയത്.
ഹൈദരാബാദിലെ ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍ററാണ് ചിത്രങ്ങൾ വിശകലനം ചെയ്‌തത്. ചമോലിയിലും സമീപ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നതിനിടയിലാണ് ചിത്രങ്ങൾ പുറത്തുവന്നത്. ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ ഒരു ഡിആർഡിഒ സംഘം ഐഎസ്ഐർഒ ശാസ്‌ത്രജ്ഞരും വിദഗ്‌ധരും ചേർന്ന് പ്രവർത്തിക്കുകയാണ്. ഇത് ഹിമാനി പൊട്ടിത്തെറിയല്ലെന്നും, ഇത് ഒരു ഹിമപാത സാധ്യതയുള്ള പ്രദേശമല്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. പുഴയിലേക്ക് വലിയ തോതില്‍ മഞ്ഞുവീഴ്‌ചയുണ്ടായതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നാണ് അധികൃതര്‍ തന്നിരിക്കുന്ന വിശദീകരണമെന്ന് റാവത്ത് പറഞ്ഞു.