ബെംഗളൂരു:ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ രണ്ടിന്‍റെ പരാജയത്തിന് കാരണം വിക്രം ലാന്‍ഡറിന്‍റെ വേഗതയിലുണ്ടായ പിശകാണെന്ന് ഇസ്രോ ചെയര്‍മാന്‍ കെ.ശിവന്‍. രണ്ടാം ഘട്ടത്തില്‍ വിക്രം ലാന്‍ഡറിന്‍റെ വേഗത ആവശ്യമായതിനേക്കാൾ കൂടുതലായിരുന്നു. നാവിഗേഷൻ സംവിധാനത്തിന്‍റെ പരിധിയിലല്ലാത്തതിനാല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ബിറ്ററില്‍ നിന്നും ലഭിച്ച ചിത്രങ്ങളില്‍ നിന്നും വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത് കാണാല്‍ സാധിച്ചിരുന്നില്ലെന്നും അതിനാല്‍ ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ശിവന്‍ വ്യക്തമാക്കി.
ചാന്ദ്രയാന്‍ 2; വിക്രം ലാന്‍ഡറിന്‍റെ വേഗതയിലുണ്ടായ പിശകാണെന്ന് കെ.ശിവന്‍
രണ്ടാം ഘട്ടത്തില്‍ വിക്രം ലാന്‍ഡറിന്‍റെ വേഗത ആവശ്യമായതിനേക്കാൾ കൂടുതലായിരുന്നുവെന്ന് സമ്മതിച്ച് ഇസ്രോ ചെയര്‍മാന്‍ കെ.ശിവന്‍.
ലാന്‍ഡറിലെ പ്രശ്‌നം കണ്ടെത്താന്‍ ഇസ്രോ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കൃത്യമായ വിശകലനം ആവശ്യമായതിനാല്‍ ഇത് പുറത്തുവിട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിക്രം ലാന്‍ഡറിന്‍റെ വേഗത കുറച്ചുകൊണ്ടുവരാന്‍ കഴിയാത്തതായിരുന്നു പരാജയത്തിന് കാരണമെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.
നാസയുടെ ലൂണാര്‍ റീകണൈസൻസ് ഓർബിറ്റർ ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളില്‍ വിക്രം ലാന്‍ഡര്‍ ചിതറിക്കിടക്കുന്നതായി കാണിച്ചിരുന്നു. ചെന്നൈ സ്വദേശിയായ എഞ്ചിനീയര്‍ ഷൺമുഖ സുബ്രഹ്മണ്യനായിരുന്നു വിക്രം ലാന്‍ഡറിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്താന്‍ സഹായിച്ചത്. വിക്രമിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്താന്‍ സഹായിച്ചതിന് സുബ്രഹ്മണ്യനെ അഭിനന്ദിക്കുന്നതായും ഇസ്രോ ചെയര്‍മാന്‍ അറിയിച്ചു.