ഹരിയാനയിൽ 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൊടുവിലാണ് 60 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ നദീമെന്ന ഒന്നരവയസുകാരനെ രക്ഷപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ടോടു കൂടിയാണ് കുട്ടി കളിക്കുന്നതിനിടെ വീടിന് സമീപത്തുള്ള കുഴൽ കിണറിൽ വീണത്.
സൈന്യത്തിന്‍റെയും നാട്ടുകാരുടെയും കഠിന പരിശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്താനായത്. കിണറിൽ നിന്നും പുറത്തെടുത്തയുടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷിതമായാണ് കുട്ടിയെ പുറത്തെടുത്തതെന്നും ആരോഗ്യ നില ഡോക്ടർമാർ പരിശോധിച്ചു വരികയാണെന്നും ഹിസാര്‍ ഡി.എസ്.പി.ജോഗീന്ദര്‍ സിങ് പറഞ്ഞു.
സൈന്യത്തിനും നാട്ടുകാർക്കുമൊപ്പം ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. കുട്ടി അകപ്പെട്ട കുഴൽ കിണറിന് 20 അടി ദൂരത്തിൽ സമാന്തരമായ മറ്റൊരു കുഴി നിർമിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ശേഷം ഈ കുഴിയിൽ നിന്നും കിണറിലേക്ക് തുരങ്കം നിർമിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയുടെ ദേഹത്ത് മണ്ണ് പതിക്കാതിരിക്കാനായി രക്ഷാപ്രവർത്തനത്തിന്വലിയ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നില്ല.
കുട്ടിയെ രക്ഷിക്കാൻ വീട്ടുകാർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനെതുടർന്നാണ് അധികൃതരെ വിവരമറിയിച്ചത്. റോഡ് നിർമാണ തൊഴിലാളിയാണ് നദീമിന്‍റെപിതാവ്. അഞ്ചു കുട്ടികളിൽ ഏറ്റവും ഇളയകുട്ടിയാണ് നദീം.