ഹൈദരാബാദ്: കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ സൈനികമായി മാത്രമല്ല വിജയിച്ചത്, നയതന്ത്ര മേഖലയില്‍ കൂടിയായിരുന്നു ഇന്ത്യയുടെ വിജയം. അക്കാലത്ത് ആഗോള തലത്തില്‍ ഇന്ത്യന്‍ നയതന്ത്രത്തിന്‍റെ ചരടുവലികളിലേക്ക് വെളിച്ചം വീശുകയാണിവിടെ. 1999ല്‍ പാകിസ്ഥാനാണ് കാര്‍ഗിലില്‍ ആക്രമണം നടത്തിയതെന്ന് ഇന്ത്യ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത് ഫലപ്രദമായ നയതന്ത്രത്തിലൂടെ ആയിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പാകിസ്ഥാന്‍റെ നുണകളും വഞ്ചനയും തുറന്നുകാട്ടുകയും ആഗോളതലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയും ചെയ്‌തു. കാർഗിൽ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ഇന്ത്യ അറിഞ്ഞ നിമിഷം മുതല്‍ കേന്ദ്രം സൈനിക-നയതന്ത്ര പ്രവര്‍ത്തനങ്ങളിലൂടെ പാകിസ്ഥാനെ ഒറ്റപ്പെടുത്താനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കാർഗിൽ ടേപ്പുകൾ, നയതന്ത്ര രേഖകൾ, പാകിസ്ഥാൻ സൈനികരുടെ ദുഷ്പ്രവൃത്തികൾ എന്നിവ തുറന്നു കാട്ടി. കശ്‌മീരിലെ നുഴഞ്ഞുകയറ്റത്തിൽ തങ്ങൾ പങ്കാളികളല്ലെന്ന പാകിസ്ഥാൻ നുണയും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പൊളിച്ചടുക്കി. നുഴഞ്ഞുകയറ്റത്തെ കശ്‌മീരിലെ ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന പാകിസ്ഥാന്‍റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. കശ്‌മീർ പോരാട്ടത്തെ അന്താരാഷ്ട്രവൽക്കരിക്കാനുള്ള പാകിസ്ഥാന്‍റെ പദ്ധതികൾ ഒന്നും തന്നെ ഫലം കണ്ടില്ല. നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടൽ സാധാരണമാണെന്ന് പാകിസ്ഥാൻ അന്താരാഷ്ട്ര സമൂഹത്തോട് പറയാൻ ശ്രമിക്കുകയും സിയാച്ചിനിൽ ഇന്ത്യയുടെ സാന്നിധ്യം കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ നിയന്ത്രണ രേഖയിലെ സങ്കീർണതകളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തോട് വിശദീകരിച്ചുകൊണ്ട് ഇന്ത്യൻ നയതന്ത്രജ്ഞർ ഈ തന്ത്രത്തെ ചെറുത്തു. പാകിസ്ഥാന്‍റെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്ന് അന്താരാഷ്‌ട്ര സമൂഹത്തെ ഫലപ്രദമായി അറിയിച്ചു.
ആണവ രാജ്യങ്ങള്‍ എന്ന നിലയില്‍ അയല്‍ രാജ്യത്തിനെതിരെ ഇതുവരെ പ്രകോപനപരവും അപകടകരവുമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇന്ത്യ ഊന്നിപ്പറഞ്ഞു. പ്രധാന രാജ്യങ്ങൾ തങ്ങള്‍ക്കൊപ്പം നിൽക്കുമെന്നും അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുമെന്നും പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നു. ഈ രാജ്യങ്ങൾ, പ്രത്യേകിച്ച് അമേരിക്ക, കാർഗിലിൽ നിന്ന് സുരക്ഷാ സേനയെ പിൻവലിക്കാൻ പാകിസ്ഥാനെ നിർബന്ധിക്കുന്നതായി ഇന്ത്യന്‍ നയതന്ത്രം ഉറപ്പാക്കി. നിയന്ത്രണ രേഖ കടക്കേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തിലൂടെ രാജ്യത്തിന്‍റെ സംയമന മനോഭാവം ലോകത്തിന് മുന്നില്‍ എത്തിക്കാനായി.
മുന്‍ ജനറൽ വി.പി. മല്ലിക് രചിച്ച “ഇന്ത്യയുടെ സൈനിക സംഘട്ടനങ്ങളും നയതന്ത്രവും,” എന്ന പുസ്തകത്തില്‍ അന്താരാഷ്ട്ര സമൂഹവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ലക്ഷ്യങ്ങളെ ഇങ്ങനെ ചുരുക്കാം:
- ഇന്ത്യ പാകിസ്ഥാന്‍റെ ആക്രമണത്തിന് ഇരയായെന്നും, പാകിസ്ഥാന്‍ സിംല കരാർ ലംഘിച്ചിരുന്നതായും ബോധ്യപ്പെടുത്തുക
- നുഴഞ്ഞുകയറ്റക്കാർ തീവ്രവാദികളല്ല, മറിച്ച് പാകിസ്ഥാൻ സൈന്യമാണെന്ന് ബോധ്യപ്പെടുത്തുക
- അടുത്തിടെ ആണവ നിർവ്യാപന ഭരണകൂടത്തിന് തിരിച്ചടി നൽകിയ ഒരു ആണവ രാജ്യത്തിന്‍റെ ‘ഉത്തരവാദിത്തവും സംയമനവും ’ പ്രകടിപ്പിക്കുക
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഈ ലക്ഷ്യങ്ങൾ നേടിയത്. നിയന്ത്രണ രേഖ കടക്കുന്നതിൽ നിന്ന് ഇന്ത്യയുടെ സംയമനം ഇത് പ്രാപ്‌തമാക്കി. ജൂൺ അവസാനത്തോടെ യുഎസ് സർക്കാരും യൂറോപ്യൻ യൂണിയനും, ജി-8 രാജ്യങ്ങളും നിയന്ത്രണ രേഖയുടെ ഭാഗത്തേക്ക് പിന്മാറിയില്ലെങ്കിൽ പാകിസ്ഥാനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പാകിസ്ഥാനെതിരെ അന്താരാഷ്ട്ര സമ്മർദ്ദം വര്‍ധിക്കുകയായിരുന്നു. പാകിസ്ഥാന്‍റെ പരമ്പരാഗത സഖ്യകക്ഷികളില്‍ ഒന്നായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറന്‍സ് (ഒ.ഐ.സി) പോലും ഇന്ത്യക്കെതിരായ തീരുമാനങ്ങളിലെ നിലപാട് മയപ്പെടുത്താന്‍ തീരുമാനിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് 1999 ജൂലൈ 4ന് അമേരിക്കന്‍ പ്രസിഡന്‍റ് ബിൽ ക്ലിന്‍റനെ കാണാൻ വാഷിങ്‌ടണിലേക്ക് പോയപ്പോൾ, പാകിസ്ഥാന് കൂടെ നില്‍കാന്‍ ഒരു അന്താരാഷ്ട്ര സഖ്യവും ഉണ്ടായിരുന്നില്ല. ജനറൽ പർവേസ് മുഷറഫ് പിന്നീട് തന്‍റെ “ഇൻ ദി ലൈൻ ഓഫ് ഫയർ” എന്ന പുസ്തകത്തിൽ സമ്മതിച്ചതുപോലെ, പാകിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പ്രവർത്തിക്കുകയും “പ്രധാനമന്ത്രി നവാസ് ഷെരീഫിനെ നിരാശപ്പെടുത്തുന്ന ഒരു പ്രഭാവം” സൃഷ്ടിക്കുകയും ചെയ്‌തു. ഒടുവിൽ ഷെരീഫ് ക്ലിന്‍റന്‍റെ സമ്മർദത്തിന് വഴങ്ങി യുദ്ധം അവസാനിപ്പിച്ചു.
ഇന്ത്യയുടെ നയതന്ത്ര വിജയത്തിലെ പ്രധാന പങ്കാളികള്‍
- കാർഗിലില്‍ നിന്ന് പാകിസ്ഥാനെ പുറത്താക്കുകയെന്ന ലക്ഷ്യത്തിൽ വാജ്‌പേയി ശാന്തത പാലിച്ചു
- കാർഗിലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തുകയെന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ ഇന്ത്യൻ സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ബ്രജേഷ് മിശ്ര ഉറപ്പുവരുത്തി
- വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് നയതന്ത്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകി
- വിദേശകാര്യ സെക്രട്ടറി കെ രഘുനാഥ്, പാക്കിസ്ഥാന്‍റെ നിരുത്തരവാദിത്വത്തെ വിശദീകരിക്കുന്നതിനുള്ള ഇന്ത്യയുടെ നയതന്ത്ര വാദങ്ങൾക്ക് മൂർച്ചകൂട്ടി