വാഷിങ്‌ടൺ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2024 ആകുന്നതോടെ അഞ്ച് ട്രില്യൻ യുഎസ് ഡോളർ ആക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യങ്ങൾക്കായി അടുത്ത അഞ്ച് വർഷത്തേക്ക് 1.4 ട്രില്യൻ യുഎസ് ഡോളർ ചെലവാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. അന്താരാഷ്‌ട്ര നാണയനിധിയുടെ (ഐഎംഎഫ്) വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി ധനമന്ത്രാലയം ഒരു സംഘത്തെ നിയമിച്ചിട്ടുണ്ട്.
അടിസ്ഥാനസൗകര്യങ്ങൾക്കായി 1.4 ട്രില്യൻ ഡോളർ ചെലവാക്കും; നിർമല സീതാരാമൻ - സമ്പദ്‌വ്യവസ്ഥ
2024 ആകുന്നതോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അഞ്ച് ട്രില്യൻ ഡോളർ ആക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യങ്ങൾക്കായി 1.4 ട്രില്യൻ യുഎസ് ഡോളർ ചെലവാക്കുമെന്ന് കേന്ദ്ര ധനമന്ത്രി.
കഴിഞ്ഞ 10 വർഷമായി(2008-17) 1.1 ട്രില്യൻ ഡോളർ അടിസ്ഥാനസൗകര്യങ്ങൾക്കായി ചെലവാക്കിയിട്ടുണ്ടെങ്കിൽ അടുത്ത അഞ്ച് വർഷത്തേക്ക് 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കും. പൊതു-സ്വകാര്യ പങ്കാളിത്ത(പിപിപി) മാതൃകകൾ രാജ്യത്ത് കൊണ്ടുവന്നിട്ടുണ്ട്. നിലവിൽ ഹൈവേകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി സമ്പദ് പുതുക്കൽ മാതൃക സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തര, അന്തർദേശീയ സ്രോതസ്സുകളിൽ നിന്നുള്ള നിക്ഷേപം അടിസ്ഥാന സൗകര്യങ്ങളിലേക്ക് നിക്ഷേപിക്കുന്നതിനായി ദേശീയ നിക്ഷേപ അടിസ്ഥാന സൗകര്യ നിധി കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഇന്ത്യക്ക് വളരെ പ്രധാനമാണ്. രാജ്യം കൃഷിയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. നമ്മുടെ രാജ്യം ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനത്തിൽ വളരെ മുന്നിലാണെങ്കിലും ആഗോളതലത്തിൽ കാർഷികോൽപ്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവും ആഭ്യന്തരമായി ഭക്ഷ്യവസ്‌തുക്കളുടെ വിലയും കാരണം ഈ മേഖലയിലെ വരുമാനം ഒരു പരിധിവരെ കുറയുകയാണ്. കർഷകർക്ക് വരുമാന സഹായം നൽകുന്നതിനായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി കൊണ്ടുവന്നിട്ടുണ്ടെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.