കേരളം

kerala

ETV Bharat / bharat

ടെലികമ്യൂണിക്കേഷന്‍ രംഗത്ത് ഇന്ത്യ 2022ഓടെ സ്വയം പര്യാപ്തമാവണം: ട്രായ്

ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മയുമായി ഇ ടി വി ഭാരതിന്‍റെ ഡല്‍ഹി നാഷണല്‍ റിപ്പോര്‍ട്ടര്‍ ഗൗതം ദെബ്രോയ് നടത്തിയ പ്രത്യേക അഭിമുഖം

AI aims to achieve 'net zero imports of telecommunication equipment' by 2022.  TRAI chairman RS Sharma  TRAI chairman RS Sharma interview with ETV Bharat  RS Sharma on telecom services  RS Sharma on chinese imports  business news
2022 ഓടെ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ തീരെ ഇറക്കുമതി ചെയ്യില്ലെന്ന എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കണം: ട്രായ്

By

Published : Jul 23, 2020, 8:44 PM IST

തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും ഉപഭോക്താക്കള്‍ക്കു മാത്രമായി അതിവേഗ ഇന്‍റര്‍നെറ്റ് സേവനം വാഗ്ദാനം ചെയ്യുന്ന എയര്‍ടെല്ലിന്‍റേയും വൊഡാഫോണ്‍ ഐഡിയയുടേയും പ്രത്യേക പ്ലാനുകള്‍ മറ്റ് ഉപഭോക്താക്കളുടെ സേവനങ്ങളെ ബാധിക്കുവാന്‍ ഇടയുണ്ടെന്നാണ് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ ഇ ടി വി ഭാരതിനോട് പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ബി ടി എസ് ഒന്നിന് നിശ്ചിത ബാന്‍റ് വിട്ത് എന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ളതിനാലാണ് ഇതെന്ന് അദ്ദേഹം പറയുന്നു. ഇ ടി വി ഭാരതിന്‍റെ ഗൗതം ദെബ്രോയിയുമായി സംസാരിക്കവെ ഇറക്കുമതി ചെയ്യുന്ന ടെലികോം ഉപകരണങ്ങളെ ഇന്ത്യ ആശ്രയിക്കേണ്ടി വരുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ചില രാജ്യങ്ങള്‍ അവരുടെ ഇലക്‌ട്രോണിക്‌സ്, ടെലികോം ഉപകരണങ്ങള്‍ തുടക്കത്തില്‍ രാജ്യത്ത് കൊണ്ടു വന്ന് ചൊരിയുന്നത് ആഭ്യന്തര വ്യവസായത്തെ തകര്‍ക്കാനും അതുവഴി പിന്നീട് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടാനുമാണെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:

ചോ: ചില തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് അതിവേഗ ഇന്‍റര്‍നെറ്റ് നല്‍കുന്ന ഭാരതി എയര്‍ടെല്ലിന്‍റേയും വൊഡാഫോണ്‍ ഐഡിയയുടേയും പ്ലാനുകള്‍ മറ്റ് വരിക്കാരുടെ സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഉ: പ്രഥമ ദൃഷ്ട്യാ ബി ടി എസ് ഒന്നിന് നിശ്ചിത ബാന്‍റ് വിഡ്ത്ത് എന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായി ഏത് തരത്തിലുള്ള പരിഗണന നല്‍കുന്നതും മറ്റ് സാധാരണ ഉപഭോക്താക്കളുടെ സേവനങ്ങള്‍ ബാധിക്കുക തന്നെ ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായി പ്രത്യേകം പരിഗണന നല്‍കുന്ന പ്ലാനുകള്‍ തീര്‍ച്ചയായും സാധാരണ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും.

മാത്രമല്ല, അത്തരം പ്ലാനുകള്‍ വിവരങ്ങള്‍ അറിഞ്ഞു കൊണ്ടുള്ള ഒരു തീരുമാനം എടുക്കുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന തരത്തില്‍ ഈ പറയുന്ന അതിവേഗത എന്താണെന്ന് ഇത്തരം പ്ലാനുകള്‍ വ്യക്തമായി സൂചിപ്പിക്കുന്നില്ലതാനും. ഈ പ്രശ്‌നം ട്രായ് വിശദമായി പരിശോധിച്ചു വരികയാണ്. ഞങ്ങളുടെ പരിശോധനയെ അടിസ്ഥാനമാക്കി ഒരു തീരുമാനത്തിലെത്തുവാന്‍ ഞങ്ങള്‍ക്ക് കഴിയും.

ചോ: ഒരു പ്രത്യേക മേഖലയാണ് ടെലികോം എന്നുള്ളതിനാല്‍ ടെലികോം ഉപകരണങ്ങളുടെ ആഭ്യന്തര നിര്‍മാണത്തേയും, ഡിജിറ്റല്‍ പരമാധികാരത്തേയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന് താങ്കള്‍ കരുതുന്നുവോ?

ഉ: ഏതാനും ചില രാജ്യങ്ങള്‍ കരുതി കൂട്ടി സ്വീകരിച്ചിരിക്കുന്ന ഒരു തന്ത്രമാണ് നമ്മുടെ ആഭ്യന്തര വ്യവസായത്തെ തകര്‍ക്കുന്നതിനായി അവരുടെ ഇലക്‌ട്രോണിക്‌സ് ഐറ്റങ്ങള്‍ ഇവിടെ കൊണ്ടു വന്ന് തള്ളുക എന്നുള്ളത്. പിന്നീട് അവര്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കും. ഈ തന്ത്രങ്ങള്‍ നമ്മള്‍ മനസിലാക്കി എടുത്തു കൊണ്ട് പരിഗണനാപരമായ വിപണി ബന്ധ നയം നമ്മള്‍ ഉടനടി നടപ്പില്‍ വരുത്തേണ്ടതുണ്ട്. നമ്മള്‍ നമ്മുടെ ആഭ്യന്തര കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ പ്രാദേശിക ഉല്‍പാദനത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ഒരു കാലത്തും വിജയം വരിക്കാന്‍ പോകുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രാദേശിക ടെലികോം ഉപകരണ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി ഒ ടി ക്ക് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ 2018 ഓഗസ്റ്റ്-3-ന് ട്രായ് നല്‍കുകയുണ്ടായി. 2022-ഓടു കൂടി ടെലി കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നില്ല എന്ന ലക്ഷ്യം കൈവരിക്കാന്‍ വേണ്ടിയാണ് ട്രായ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ടെലികോം എക്യുപ്‌മെന്‍റ് മാന്യുഫാക്ച്ചറിങ്ങ് കൗണ്‍സില്‍ (ടി ഇ എം സി) പരിഗണന അര്‍ഹിക്കുന്ന മേഖലകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി നിര്‍ദേശിക്കേണ്ടതുണ്ട്.

ഗവേഷണം, നവീനമായ കണ്ടെത്തലുകള്‍, ക്രമവല്‍ക്കരണം, രൂപകല്‍പ്പന, പരീക്ഷണം, സര്‍ട്ടിഫിക്കേഷന്‍, രാജ്യത്ത് ടെലികോം ഉപകരണങ്ങള്‍ സ്വയം ഉല്‍പാദിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 1000 കോടി രൂപയുടെ ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കേണ്ടതുണ്ട്. സര്‍ക്കാരിന്‍റെ നയങ്ങള്‍ നല്ല ഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ടെങ്കിലും ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ചോ: തങ്ങളുടെ നിലവാരം മെച്ചപ്പെടുത്തലിന്‍റെ ഭാഗമായി ഇന് ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കില്ല എന്നുള്ള ബി എസ് എന്‍ എല്‍ ന്‍റെ സമീപനത്തെ തുടര്‍ന്ന് ചൈനീസ് ടെലികോം ഉപകരണ വിന്യാസം നിരോധിക്കുന്നത് ലാഭകരമാവും എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഉ: നമ്മുടെ രാജ്യത്തിനാവശ്യമായ എല്ലാ ടെലികോം ഉപകരണങ്ങളും നമുക്ക് നിര്‍മിക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഉപകരണങ്ങള്‍ നിര്‍മിക്കുവാനുള്ള എല്ലാ തരത്തിലുമുള്ള ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ ഈ അവസരം ഉപയോഗപ്പെടുത്തി കൊണ്ട് സാങ്കേതിക വിദ്യ വികസിപ്പിക്കുകയും രാജ്യത്തു തന്നെ ഉപകരണങ്ങള്‍ നിര്‍മിക്കുകയും ചെയ്യണം. അതീവ പ്രാധാന്യമുള്ള ഈ നിര്‍ണായക മേഖലയില്‍ സ്വയം പര്യാപ്തത എന്നുള്ളതാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം. പിന്നീട് ആലോചിക്കാം ചൈനീസ് ഉപകരണങ്ങള്‍ വിന്യസിക്കുന്നത് നിരോധിക്കുന്നതിനെ കുറിച്ച്.

ചോ: സംപ്രേഷണ വ്യവസായത്തിനായുള്ള പുതിയ നിരക്ക് ക്രമത്തിന് ഏത് തരത്തിലുള്ള പ്രതികരണമാണ് താങ്കള്‍ക്ക് കിട്ടി കൊണ്ടിരിക്കുന്നത്?

ഉ: സുതാര്യത, ആരോടും പക്ഷഭേദം കാട്ടാതിരിക്കുക, ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, അതോടൊപ്പം മുഖ്യ തത്വങ്ങള്‍ എന്ന നിലയില്‍ ഈ മേഖലയുടെ ക്രമാനുഗതമായ വളര്‍ച്ചക്ക് സൗകര്യമൊരുക്കുക എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ നിയന്ത്രണ രൂപഘടന തയ്യാറാക്കിയത്. പുതിയ രൂപഘടന ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ പരിഗണിക്കുന്നവയാണ്. തങ്ങളുടെ ഇഷ്ടപ്രകാരമുള്ള ടി വി ചാനലുകള്‍ സുതാര്യമാം വിധം തെരഞ്ഞെടുക്കാനും കാണാനും അവര്‍ക്ക് സൗകര്യമൊരുക്കുക എന്നുള്ളതാണ് അതിന്‍റെ ലക്ഷ്യം. ടെലിവിഷന്‍ സേവനങ്ങളുടെ മാസ വരിസംഖ്യയുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഒരു നിയന്ത്രണം ഉണ്ടാവുക എന്നുള്ളതാണ് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊണ്ട് അര്‍ഥമാക്കുന്നത്. സേവന വിതരണ മൂല്യ ചങ്ങലയില്‍ ഒന്നിലധികം കമ്പനികള്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു മേഖലയുടെ നിയന്ത്രണത്തിൽ വ്യത്യസ്ത താല്‍പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള കൃത്യമായ തുലനാവസ്ഥ ആവശ്യമാണ്.

ചാനലുകള്‍ക്ക് ഒന്നുകില്‍ ഓരോന്നോരോന്നായോ അല്ലെങ്കില്‍ ഒരുകൂട്ടം ചാനലുകള്‍ ഒന്നിച്ചോ ആയി വാഗ്ദാനം ചെയ്യുന്നതിനുള്ള വിശാലമായ ഇടം പുതിയ നിയന്ത്രണ രൂപഘടന നല്‍കുന്നുണ്ട്. 2004 മുതല്‍ നിലവിലുള്ള ചാനല്‍ നിരക്കുകള്‍ പരിമിതപ്പെടുത്തല്‍ യഥാര്‍ത്ഥത്തില്‍ പുതിയ രൂപഘടന പ്രകാരം നീക്കം ചെയ്യുകയാണ് ഉണ്ടായിരിക്കുന്നത്. ടി വി ചാനലുകളുടെ നിരക്കുകള്‍ നിശ്ചയിക്കുന്ന കാര്യത്തില്‍ സുതാര്യതയും, ഈ മേഖലയിലെ ബിസിനസ് പ്രക്രിയയില്‍ ശാന്തിയും കൊണ്ടു വരുവാന്‍ പുതിയ നിയന്ത്രണ രൂപഘടനക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് വിശകലനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. സുതാര്യത കൊണ്ടു വരുന്നതിന്‍റെ ഭാഗമായി പുതിയ രൂപഘടനയില്‍ ചാനലുകളുടെ നിരക്കുകളും നെറ്റ് വര്‍ക്കിന്‍റെ നിരക്കും വെവ്വേറെ ആക്കിയിട്ടുണ്ട്. തങ്ങളുടെ ചാനലുകള്‍ക്കുള്ള പരമാവധി ചില്ലറ വില തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ സംപ്രേഷകര്‍ക്കുണ്ട്. നെറ്റ് വര്‍ക്ക് നിരക്ക് തിരിച്ചു പിടിക്കുന്നതിനായി എം സി എഫ് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഭേദഗതികള്‍ എല്ലാം തന്നെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ ലഭിക്കാനും, കൂടുതല്‍ സ്വതന്ത്രമായ നിരക്ക് പദ്ധതികള്‍ ലഭിക്കാനും അതോടൊപ്പം തന്നെ അവര്‍ക്ക് കൂടുതല്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കാനും കാരണമായിരിക്കുന്നു. മൊത്തത്തില്‍ സംപ്രേഷണ, കേബിള്‍ സേവന മേഖലയുടെ ആരോഗ്യകരവും ഘടനാപരവുമായ വളര്‍ച്ചക്ക് കാരണമാകും ഈ ഭേദഗതികള്‍ എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ചോ: കൊവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതിനായി ടെലികോം മേഖല വഹിച്ച നിര്‍ണായക പങ്കിനെ കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത് എന്താണ്?

ഉ: സാമൂഹിക അകലം പാലിക്കലും, സ്വയം ക്വാറന്‍റൈനില്‍ പോവുകയും ഒക്കെ നമ്മള്‍ ചെയ്തു വരുമ്പോള്‍ വിദൂരങ്ങളില്‍ ഇരുന്ന് പരസ്പരം ബന്ധപ്പെടുക എന്നുള്ളത് മാത്രമാണ് സാധാരണ നില കൊണ്ടു വരുവാനുള്ള ഏക വഴി. ദേശീയ അടച്ചു പൂട്ടലിനെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുകയും, വീട്ടില്‍ തന്നെ അടച്ചു പൂട്ടി ഇരിക്കുകയും ചെയ്യേണ്ടി വന്നത് നിരവധി വീടുകളെ വിദൂര ഓഫീസുകളും, വിര്‍ച്ച്വല്‍ കോണ്‍ഫറന്‍സ് മുറികളും, വിദ്യാർഥികളുടെ ഓണ്‍ലൈന്‍ സ്‌കൂളുകളും, ചില കേസുകളില്‍ കുടുംബത്തിനു മൊത്തത്തിലായുള്ള ഉല്ലാസത്തിനു വേണ്ടി വീഡിയോകള്‍ കാണുന്ന കേന്ദ്രങ്ങളായും മാറ്റേണ്ടി വന്നിട്ടുണ്ട്. ശുദ്ധമായ വെള്ളവും വൈദ്യുതിയും എന്നതുപോലെ ബ്രോഡ്ബാന്‍ഡ് ലഭിക്കുക എന്നുള്ളതും ആധുനിക ജീവിതത്തിന്‍റെ അനിവാര്യതയായി മാറിയിരിക്കുന്നു. ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ഇന്നത്തെ കാലത്ത് ചിന്തിക്കുവാന്‍ പോലും പ്രയാസമാണ് എന്ന് വന്നിരിക്കുന്നു. തത്വത്തില്‍ പറഞ്ഞാല്‍ പുതിയ സാധാരണ ജീവിതം എന്നുള്ളത് ടെലികോം ബന്ധങ്ങളും ഡിജിറ്റല്‍ ഉപകരണങ്ങളും കൊണ്ട് പിന്തുണയ്ക്കുന്ന ഒരു ജീവിതം എന്നുള്ളതായി മാറിയിരിക്കുന്നു.

ചോ: സര്‍ക്കാര്‍ ദേശീയ ഡിജിറ്റല്‍ വാര്‍ത്താ വിനിമയ നയം (എന്‍ ഡി സി പി) 2018 നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഉ: ഈ നയത്തിന്‍റെ മൂന്ന് മുഖ്യ ശ്രദ്ധാ മേഖലകള്‍ ഇവയാണ്: ഇന്ത്യയെ പരസ്പരം ബന്ധിപ്പിക്കുക, ഇന്ത്യയെ ഉത്തേജിപ്പിക്കുക, ഇന്ത്യയെ സുരക്ഷിതമാക്കുക. ഇന്ത്യയെ പരസ്പരം ബന്ധിപ്പിക്കുക എന്നുള്ളത് എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുക എന്നുള്ള കാര്യത്തില്‍ ഊന്നല്‍ നല്‍കുകയാണെങ്കില്‍, 5-ജി, നിര്‍മിത ബുദ്ധി, ഐ ഒ ടി, ക്ലൗഡ്, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി ബിഗ് ഡാറ്റ എന്നിങ്ങനെയുള്ളവയുടെ ഉയര്‍ന്നു വരുന്ന കരുത്തിനെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇടുന്നത്. രാജ്യത്തെ പൗരന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അതോടൊപ്പം വ്യക്തികളുടെ സ്വയംഭരണാവകാശം, ഇഷ്ടങ്ങള്‍, ഡാറ്റാ ഉടമസ്ഥത, സ്വകാര്യത, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നതില്‍ ശ്രദ്ധയൂന്നുകയും, അതേ സമയം തന്നെ ഒരു നിര്‍ണായക സാമ്പത്തിക സ്രോതസ്സായി ഡാറ്റയെ തിരിച്ചറിയുകയും ചെയ്തു കൊണ്ട് ഇന്ത്യയുടെ ഡിജിറ്റല്‍ പരമാധികാരം കാത്തു സൂക്ഷിക്കുക എന്നുള്ളതാണ് ഇന്ത്യയെ സുരക്ഷിതമാക്കുക എന്നതു കൊണ്ട് ലക്ഷ്യമിടുന്നത്. ഓരോ പൗരന്മാര്‍ക്കും 50 എം ബി പി എസ് വേഗതയില്‍ സാര്‍വ്വ ലൗകിക ബ്രോഡ്ബാന്‍ഡ് ബന്ധം, ഇന്ത്യയിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 10 ജി ബി പി എസ് വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് ബന്ധം, എല്ലാ നിര്‍ണായക വികസന സ്ഥാപനങ്ങള്‍ക്കും അവര്‍ ആവശ്യപ്പെടുന്നതു പ്രകാരമുള്ള ബ്രോഡ്ബാന്‍ഡ്, ഇതുവരെ കവര്‍ ചെയ്യാത്ത മേഖലകളില്‍ ബ്രോഡ്ബാന്‍ഡ് ബന്ധം ഉറപ്പാക്കല്‍ എന്നിവയാണ് ഇതെല്ലാം കൊണ്ട് ലക്ഷ്യമിടുന്നത്.

ചോ: ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചെയുമായി പ്രധാനമന്ത്രി നടത്തിയ ഇടപഴകലിനെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? ഇന്ത്യയിലെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സാങ്കേതിക വിദ്യ ഏത് തരത്തില്‍ ആയിരിക്കും സഹായകരമാവുക?

ഉ: നമ്മുടെ പ്രധാനമന്ത്രിയും ഗൂഗിള്‍ സി ഇ ഒ യും തമ്മില്‍ നടന്ന ഇടപഴകലിനെ കുറിച്ച് എന്തെങ്കിലും പറയുവാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇന്ത്യയിലെ കര്‍ഷകരുടേയും അതുപോലെ യുവാക്കളുടേയും ജീവിതത്തെ ബഹുമുഖ വഴികളിലൂടെ മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ് സാങ്കേതിക വിദ്യ എന്ന് ഞാന്‍ പറയും. ഫലപ്രദമായ ആസൂത്രണം, ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തല്‍, സുരക്ഷിതമായ സംഭരണം, ഇടനിലക്കാരെ ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം. ദേശീയ കാര്‍ഷിക വിപണി (ഇ-നാം), കൃഷിയുമായി ബന്ധപ്പെട്ട പ്രവചന സേവനങ്ങള്‍ക്ക് വേണ്ടിയുള്ള മേഘദൂത് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇവയെല്ലാം.

ABOUT THE AUTHOR

...view details