ജമ്മുകശ്മീരിലെ ഷോപിയനില്‍ ജൂലയ് 18ന് മൂന്ന് തൊഴിലാളികളെ സൈന്യം നിയമ വിരുദ്ധമായി വധിച്ചുവെന്ന ആരോപണത്തിലെടുത്ത കേസില്‍ സിവിലിയന്‍ കോടതി വിചാരണ വേണമെന്ന് ആംനസ്റ്റി ഇന്‍റനാഷണൽ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ. സൈന്യം അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയും സ്വതന്ത്ര സിവിലിയൻ അധികാരികൾ വിചാരണ ചെയ്യുകയും വേണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ആവശ്യപ്പെട്ടത്. സിവിലിയൻ അന്വേഷണങ്ങളും വിചാരണകളും സൈനിക നീതിന്യായ വ്യവസ്ഥയിൽ നിന്ന് വിട്ടുപോകുന്ന സുതാര്യതയും സ്വാതന്ത്ര്യവും ഒരു പരിധി വരെ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗര-രാഷ്ട്രീയ അവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി നടപ്പാക്കുന്നത് നിരീക്ഷിക്കുന്ന ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യയും ഒരു കക്ഷിയാണ്. ഐസിസിപിആറിന്‍റെ ഭാഗമായി യുഎൻഎച്ച്‌ആർസി സുരക്ഷാ സേനയുടെ മനുഷ്യാവകാശ ലംഘന കേസുകളിൽ അന്വേഷണം നടത്തണമെന്നും സുതാര്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിന് സിവിലിയൻ അധികാരികൾ വിചാരണ നടത്തണമെന്നും പ്രസ്‌താവിച്ചിരിന്നു. ജഡ്‌ജിമാരുടെയും അഭിഭാഷകരുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. മുമ്പ് സൈനിക നീതിന്യായ വ്യവസ്ഥയെ സുപ്രീം കോടതി വിമർശിക്കുകയും നിരവധി തവണ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. സൈനിക നിയമ വിദഗ്‌ധർ ഇന്ത്യൻ സൈനിക നീതിന്യായ വ്യവസ്ഥയിലെ അന്തർലീനമായ വൈകല്യങ്ങളേയും സ്വാതന്ത്ര്യത്തിന്‍റെ അഭാവത്തെയും അംഗീകരിച്ചിട്ടുണ്ട്.
സൈനിക ഉദ്യോഗസ്ഥർക്കെതിരായ മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ തള്ളിക്കളയാനുള്ള സൈനിക അധികൃതരുടെ പ്രവണത ആംനസ്റ്റി ഇന്‍റര്‍നാഷണൽ ഇന്ത്യ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്‌മീരിൽ നിന്നുള്ള ഏറ്റവും പുതിയ സാഹചര്യ വിശകലനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന കമ്മിഷൻ ഫോർ വുമൺ ആന്‍റ് ചിൽഡ്രൻ റൈറ്റ്സ് ഉള്‍പ്പടെ ആറ് കമ്മിഷനുകളും അടച്ചുപൂട്ടിയതായി ആംനസ്റ്റി ഇന്‍റര്‍നാഷണൽ ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഐസിസിപിആർ ഉറപ്പുനൽകുന്ന അവകാശത്തിന്‍റെ ലംഘനമാണിത്.
2020 ജൂലയ് 18ന് ദക്ഷിണ കശ്‌മീരിലെ ഷോപിയാനിലെ ഉയർന്ന പ്രദേശങ്ങളിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. 2020 ആഗസ്റ്റ് ആറിന് ജമ്മു മേഖലയില്‍ മൂന്ന് തൊഴിലാളികളെ ഒരേ പ്രദേശത്ത് നിന്ന് കാണാതായതായി പരാതി നൽകി. തുടര്‍ന്ന് ഷോപിയാനിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകള്‍ സൈന്യം ശ്രദ്ധിച്ചിട്ടുണ്ടെന്നും മൂന്നു പേരെ കാണാതായതിനെ പറ്റി അന്വേഷിക്കുണ്ടെന്നും 2020 ഓഗസ്റ്റ് 19ന് പ്രതിരോധ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ജമ്മുവിലും കശ്‌മീരിലും പ്രാബല്യത്തിലുള്ളത് സായുധ സേന പ്രത്യേക അധികാര നിയമാണ്. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പ്രോസിക്യൂഷനിൽ നിന്ന് ഈ നിയമം പ്രതിരോധം നൽകുന്നു. 2018 ൽ പാർലമെന്‍റിൽ നൽകിയ പ്രസ്താവനയിൽ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ 26 വർഷത്തിനിടെ ജമ്മു കശ്‌മീരിലെ സൈനികരെ ഒരു തവണ പോലും വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കി. നിയമവിരുദ്ധമായ കൊലപാതകം, പീഡനം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയ സൈനികരുടെ കേസുകൾ ഇതിൽ ഉൾപ്പെടുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ ശിക്ഷാനടപടികൾക്ക് എ.എഫ്.എസ്.പി.എ പ്രതിരോധം തീര്‍ക്കുന്നതിനാല്‍ അത് റദ്ദാക്കണമെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടു.