ന്യൂഡൽഹി: പാകിസ്ഥാൻ സൈന്യത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റക്കാർക്ക് പിന്തുണ നൽകുന്ന പാക് സമീപനത്തിനെതിരെ പ്രതികരിച്ച ഇന്ത്യ 2003ലെ വെടിനിർത്തൽ കരാറും പാകിസ്ഥാനെ ഓർമ്മപ്പെടുത്തി. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ വെർച്ച്വൽ വാർത്താ സമ്മേളനത്തിനിടെയാണ് പാകിസ്ഥാനെതിരെ വിമര്‍ശനം നടത്തിയത്. പാക് സായുധ സേനയുടെ പങ്കാളിത്തമില്ലാതെ നിയന്ത്രണ രേഖയിൽ ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ നടക്കില്ലെന്നും അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. നവംബർ 14ന് പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയതായും വെടിനിർത്തൽ ലംഘനത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായും എംഇഎ വക്താവ് അറിയിച്ചു.
നാഗ്രോട്ട ഏറ്റുമുട്ടൽ; പാകിസ്ഥാനെതിരെ ഇന്ത്യ - നാഗ്രോട്ട ഏറ്റുമുട്ടൽ
ജമ്മുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെ ഇന്ത്യൻ സൈന്യം നാഗ്രോട്ടയിൽ പിടികൂടിയതിന്‍റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവിന്‍റെ പ്രതികരണം
ജമ്മുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെ ഇന്ത്യൻ സൈന്യം നാഗ്രോട്ടയിൽ പിടികൂടിയതിന്‍റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവിന്‍റെ പ്രതികരണം. കശ്‌മീരിൽ നടക്കാനിരിക്കുന്ന ഡിഡിസി തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മുവിൽ ഭീകാരാക്രമണം നടത്താൻ ആസൂത്രണം ചെയ്‌ത നാല് തീവ്രവാദികളെ വ്യാഴാഴ്‌ച സുരാക്ഷാ സേന വധിച്ചിരുന്നു. നാഗ്രോട്ടയ്ക്കടുത്ത് ജമ്മു-ശ്രീനഗർ ദേശീയപാതയിലാണ് ഇന്ത്യൻ സൈന്യം നാല് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികള്‍ ട്രക്കിൽ കശ്‌മീരിലേക്ക് പോകവെയായിരുന്നു ഏറ്റുമുട്ടൽ. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ഏറ്റുമുട്ടൽ. 2020ൽ മാത്രം 4,137ലധികം വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇരുന്നൂറിലധികം ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.