കാഠ്മണ്ഡു:പോളിമറേസ് ചെയിൻ റിയാക്ഷനും (പിസിആർ) ആന്‍റിബോഡി ടെസ്റ്റ് കിറ്റുകളും നേപ്പാളിന് സമ്മാനിച്ച് ഇന്ത്യ. ഇത് രാജ്യത്തെ 30,000 ത്തോളം ആളുകളിൽ കൊവിഡ് -19 പരിശോധന നടത്താൻ ആരോഗ്യ വിദഗ്ധരെ സഹായിക്കും.
പാത്തോഡെക്റ്റ് കൊവിഡ് -19 ക്വാളിറ്റേറ്റീവ് ആർടി പിസിആർ ടെസ്റ്റ് കിറ്റുകൾ അടങ്ങുന്ന ചരക്ക് ഇന്ന് രാവിലെ നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാട്ര നേപ്പാളി ആരോഗ്യമന്ത്രി ഭാനുഭക്ത ധക്കലിന് കൈമാറി.
ടെസ്റ്റ് കിറ്റുകൾ മഹാരാഷ്ട്രയിലെ പൂനെയിൽ മൈലാബിലാണ് നിർമ്മിച്ചത്. ഏപ്രിൽ 22 ന് അംബാസഡർ ക്വാത്ര 23 ടൺ മരുന്നുകൾ നേപ്പാൾ സർക്കാരിന് കൈമാറിയിരുന്നു.
കൊവിഡ് -19നെ പൊതു വെല്ലുവിളിയായി കണക്കാക്കി പ്രവർത്തിക്കണമെന്നും ഇതിനെതിരെ ഒരുമിച്ച് പോരാടാനുള്ള നേതാക്കളുടെയും രണ്ട് രാജ്യങ്ങളിലെ ജനങ്ങളുടെയും നിരന്തര സഹകരണമായാണ് മരുന്നുകളും ടെസ്റ്റ് കിറ്റുകളും സമ്മാനിക്കുന്നതെന്നും ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.