കേരളം

kerala

By

Published : Jun 19, 2020, 5:22 PM IST

ETV Bharat / bharat

ഇന്ത്യ-ചൈന പ്രതിസന്ധി; സംഘര്‍ഷങ്ങൾക്ക് പിന്നിലെ അജണ്ടകള്‍

ഡിബിഒ റോഡിലെ ഗല്‍വാന്‍ താഴ്‌വരക്കടുത്തുള്ള റോന്തു ചുറ്റല്‍ പോയിന്‍റ് 14 വളരെ നിർണായകമായ ഒന്നാണ്. ഇവിടെയാണ് ചൈനീസ് സൈനികരുമായി ഇന്ത്യൻ സേന പോരാട്ടം നടത്തിയത്. ഇന്ത്യന്‍ സൈന്യം സുരക്ഷ നൽകിയ മേഖലയിൽ തന്നെ അവർ മരിച്ചു വീണു. ഇടിവി ഭാരത് ന്യൂസ് എഡിറ്റർ ബിലാൽ ഭട്ട് എഴുതിയ ലേഖനം.

India China faceoff  India China news  India China border dispute  Galwan Valley faceoff  India China border news  ഇന്ത്യ-ചൈന പ്രതിസന്ധി  ഇന്ത്യ-ചൈന അതിർത്തി  ഗൽവാൻ സംഘർഷം  ഇന്ത്യ-ചൈന വാർത്ത  india china war  ഇന്ത്യ ചൈന യുദ്ധം
ഇന്ത്യ-ചൈന പ്രതിസന്ധി; സംഘര്‍ഷങ്ങൾക്ക് പിന്നിൽ

ഹൈദരാബാദ്: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘർഷത്തിൽ ഇരു ഭാഗത്ത് നിന്നും തോക്കുകൾ ഉപയോഗിക്കാതെ തന്നെ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ക്ക് വലിയ തോതില്‍ ആൾ നഷ്‌ടമുണ്ടായി. ഇന്ത്യന്‍ സൈനികരെ ഇരുമ്പ് ദണ്ഡുകളും, കല്ലുകളും കൊണ്ട് ആക്രമിക്കാനും, മുഷ്‌ടി ചുരുട്ടി ഇടിക്കാനും, ചവിട്ടാനുമൊക്കെ പ്രേരിപ്പിക്കുന്ന വിധം ചൈനയുടെ സൈന്യം നടത്തിയ കടന്നു കയറ്റത്തിന് കാരണം എന്താണ്? ചൈനയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ വളരെ അടുത്തു നിന്ന് നിരീക്ഷിക്കുന്നവർക്ക് ഒട്ടേറെ ഉത്തരങ്ങൾ ഉണ്ടാകും. ഏറെക്കാലമായി ചൈന പ്രതികാരം നടത്താൻ ഒരുങ്ങിയിരുന്നു എന്ന് വേണം കരുതാന്‍. സംഘര്‍ഷം ആളിപടര്‍ന്ന ഡിബിഒ റോഡിലെ ഗല്‍വാന്‍ താഴ്‌വരക്കടുത്തുള്ള റോന്തു ചുറ്റല്‍ പോയിന്‍റ് 14 വളരെ നിർണായകമായ ഒന്നാണ്. ഇവിടെയാണ് ചൈനീസ് സൈനികരുമായി ഇന്ത്യൻ സേന പോരാട്ടം നടത്തിയത്. ഇന്ത്യന്‍ സൈന്യം സുരക്ഷ നൽകിയ മേഖലയിൽ തന്നെ അവർ മരിച്ചു വീണു.

യഥാർഥ നിയന്ത്രണ രേഖ (എല്‍എസി)

ഇന്ത്യയും ചൈനയും പരസ്‌പരം അംഗീകരിച്ച വ്യക്തതയില്ലാത്ത ഒരു അതിര്‍ത്തിയാണ് യഥാർഥ നിയന്ത്രണ രേഖ (എല്‍എസി). ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഈ എല്‍എസിയിൽ തങ്ങള്‍ നിശ്ചയിക്കുന്ന ഇടം വരെ റോന്ത് ചുറ്റുന്നു. ഇരുരാജ്യങ്ങളുടെയും വിരുദ്ധാഭിപ്രായങ്ങളുടെ കാഴ്‌ചപ്പാടോടു കൂടിയ ഒരു ആശയം മാത്രമാണ് ഈ നിയന്ത്രണ രേഖ. ലഡാക്ക് മേഖലയിലെ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വ്യക്തമായ അതിര്‍ത്തി വരച്ച് കണക്കാക്കിയിട്ടൊന്നുമില്ല. അതിനാല്‍ തങ്ങളുടെ സൈനികര്‍ ഏത് തലം വരെ റോന്ത് ചുറ്റല്‍ നടത്താമെന്നുള്ള കാര്യത്തില്‍ തീരുമാനം അതാത് സൈനിക നേതൃത്വങ്ങള്‍ എടുക്കുകയാണ് ചെയ്യുന്നത്. പക്ഷേ എല്‍എസിയില്‍ എങ്ങനെ സമാധാനം കാത്തു സൂക്ഷിക്കാം എന്നത് സംബന്ധിച്ച് ചില നിബന്ധനകൾ ഇരു രാജ്യങ്ങളും പരസ്‌പര ധാരണയോടുകൂടി ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന തലത്തിലുള്ള മേഖലയിലാണ് എല്‍എസി സ്ഥിതി ചെയ്യുന്നത്. മിക്കവാറും എല്ലാ ഭാഗത്തും സൈന്യമാണ് കാവല്‍ നില്‍ക്കുന്നതെങ്കിലും, ഇന്ത്യന്‍ ഭാഗത്ത് ചില പോയിന്‍റുകളിൽ ഐടിബിപിയും കാവല്‍ നില്‍ക്കുന്നുണ്ട്. ലഡാക്കിന്‍റെ കിഴക്ക് വശത്തുള്ള പാങ്ങ്ഗോങ്ങ് തടാകവും എല്‍എസിയില്‍ തന്നെയുള്ള ഗല്‍വാന്‍ താഴ്‌വരയും ആണ് പ്രധാനപ്പെട്ട തര്‍ക്ക പ്രദേശങ്ങള്‍. ഈ തടാകത്തിന്‍റെ മൂന്നില്‍ ഒരു ഭാഗം ചൈനയുടെ പക്കലും ബാക്കി ഇന്ത്യയുടെ പക്കലുമാണ്. ഫിംഗര്‍-4, ഫിംഗര്‍-8 എന്നിങ്ങനെ വിളിക്കുന്ന ഭൂമിശാസ്ത്രപരമായ രണ്ട് പോയിന്‍റുകളുണ്ട്. ഫിംഗര്‍-4 ആണ് എല്‍എസിയായി ചൈന കരുതുന്നതെങ്കില്‍ ഫിംഗര്‍-8 ആണ് ഇന്ത്യ കണക്കാക്കുന്നത്.

തിങ്കളാഴ്‌ച സംഘർഷ നടന്നത് ഗല്‍വാന്‍ താഴ്‌വരയിലെ ദര്‍ബോക്ക്, ഷ്യോക്, ഡിബിഒ റോഡിലാണ്. വടക്കന്‍ ലഡാക്കിലേക്ക് സൈനിക സാമഗ്രികള്‍ എത്തിക്കുന്ന ഈ മെയിന്‍ റോഡ് വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഈ മെയിന്‍ റോഡിനെ സംരക്ഷിക്കുന്നു എന്നതിനാലാണ് ഗല്‍വാന്‍ താഴ്‌വരയും പ്രധാനമാകുന്നത്. ചൈനീസ് സൈനികർ ഫിംഗര്‍-4-ല്‍ എത്താന്‍ ശ്രമം നടത്തിയത് എന്തുകൊണ്ടാണെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. ആ ശ്രമമാണ് സൈനികര്‍ക്കിടയില്‍ തര്‍ക്ക വിഷയമായി മാറിയത്.

ഗല്‍വാന്‍ താഴ്‌വര

ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഗല്‍വാന്‍ താഴ്‌വര തന്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ്. ഗല്‍വാന്‍റെ പുറകിലാണ് അക്‌സായ് ചിന്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ചൈനക്കാര്‍ക്കും അത് തുല്യമായി പ്രാധാന്യമുള്ളതാണ്. കിഴക്കന്‍ ലഡാക്കിലെ എല്‍എസിയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഡിബിഒ റോഡിനെ സംരക്ഷിക്കുന്നു എന്നതിനാല്‍ ഗല്‍വാന്‍ എത്രത്തോളം ഇന്ത്യക്ക് പ്രധാനമാണെന്നുള്ള കാര്യം ചൈനക്കാര്‍ ശരിക്കും മനസിലാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സംഘര്‍ഷ സ്ഥലമായി ചൈനീസ് സൈന്യം ഗല്‍വാനെ തെരഞ്ഞെടുത്തതിലുള്ള ഒരു പ്രധാന കാരണം ഈ നിർണായക മേഖലയിലെ സ്ഥിതി മാറ്റി മറിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കോര്‍പ്‌സ് കമാന്‍ഡര്‍ തലത്തില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ഈ മാസം ആറിന് നടന്ന അനുരഞ്ജന സമ്മേളനത്തെ തുടര്‍ന്ന് ഉണ്ടാക്കിയെടുത്ത ഒരു പ്രോട്ടോക്കോള്‍ പ്രകാരമാണ് ഇന്ത്യന്‍ സൈന്യം ഈ പോയിന്‍റുകളെ സമീപിച്ചത്. കേണല്‍ സന്തോഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സൈനിക സംഘം എല്‍എസിയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രക്രിയയുടെ ഭാഗമായി ഈ പ്രോട്ടോക്കോള്‍ പ്രകാരം തന്നെയാണ് അവിടെ എത്തിയത്. അവിടെ വന്നപ്പോള്‍ അദ്ദേഹം കണ്ട ചില നിർമാണങ്ങള്‍ അവര്‍ അഴിച്ചു മാറ്റാന്‍ തുടങ്ങി. എന്നാല്‍ വന്‍ തോതില്‍ അവിടെ വിന്യസിക്കപ്പെട്ട ചൈനീസ് സൈന്യം തിരിച്ചടിക്കാന്‍ തുടങ്ങി. മാത്രമല്ല, ആക്രമണത്തിന് അവര്‍ക്ക് വ്യക്തമായ നിർദേശമുണ്ടായിരുന്നു. അതേസമയം ഏറ്റുമുട്ടലുകള്‍ ആരംഭിച്ചത് മുതല്‍ ഇന്ന് വരെ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കുവാനാണ് ഇന്ത്യന്‍ ഭാഗം ശ്രമിച്ചിട്ടുള്ളത്.

ആളപായം ഉണ്ടാകുന്നതിലേക്ക് നയിച്ച സംഘർഷത്തിന് നിരവധി കാരണങ്ങളുണ്ട്. ചൈനയെ അസ്വസ്ഥപ്പെടുത്തുകയും അതിലൂടെ സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്‌തത് ഒരുപക്ഷേ എല്‍എസിയില്‍ ജനജീവിതം സുഗമമാകുന്ന വിധത്തില്‍ ഇന്ത്യ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ്. ഇന്ത്യ ഈ മേഖലയില്‍ റോഡുകള്‍ നിർമിക്കുകയും ഒറ്റപ്പെട്ട മേഖലകളെ ബന്ധിപ്പിച്ചു കൊണ്ട് പാലങ്ങള്‍ പണിയുകയും ചെയ്‌തു. ഗ്രാമങ്ങളെ വാഹനങ്ങള്‍ ഓടിക്കാവുന്ന റോഡുകള്‍ വഴി പരസ്‌പരം ബന്ധിപ്പിക്കുകയും അതിനാൽ ഈ മേഖലയിലെ ജനങ്ങളുടെ ജീവിതം സുഗമമാകുകയും ചെയ്‌തു. ജമ്മു-കശ്‌മീരിനെ ഇന്ത്യൻ സര്‍ക്കാരിന്‍റെ നേരിട്ടുള്ള ഭരണത്തിന് കീഴിലാക്കുകയും, ലഡാക്കിനെ ജമ്മു-കശ്‌മീരിന്‍റെ ഭൂപടത്തില്‍ നിന്നും മാറ്റുകയും, ഈ രണ്ട് മേഖലകളെയും പ്രത്യേക കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്‌തു കൊണ്ടാണ് 370-ാം വകുപ്പ് റദ്ദാക്കി കൊണ്ട് ഇന്ത്യ ഭരണഘടനാ ഭേദഗതി വരുത്തി ജമ്മു-കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. ഇതും ചൈനയുടെ അസ്വസ്ഥതകള്‍ക്ക് വളരെ വ്യക്തമായ കാരണമാണ്. ലഡാക്കിലായാലും മറ്റേത് മേഖലയിലായാലും മുന്‍കാല ജമ്മു-കശ്‌മീർ സംസ്ഥാന സര്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കങ്ങളിലെ ഒരു പങ്കാളിയായിരുന്നു. എന്നാല്‍ ആ പദവി ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. പുതിയ പുനസംഘടനാ നിയമം നടപ്പിലാക്കിയതോടകൂടി ജമ്മു-കശ്‌മീരിനുള്ള പ്രസക്തി നഷ്‌ടമായി.

ലഡാക്കിലെ അതിര്‍ത്തികള്‍ എന്നും സമാധാനപരമായി നിലനിന്നു എന്നൊന്നും പറയാനാവില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക തലത്തിലെ ചര്‍ച്ചകള്‍ മിക്കവാറും എല്ലാ ആഴ്‌ചകള്‍ തോറും നടന്നിരുന്നു. ഒന്നില്‍ കൂടുതല്‍ മുന്നണികള്‍ തുറക്കുന്നത് ഒഴിവാക്കുന്നതിനായി ദേശീയ തലത്തില്‍ രാഷ്ട്രീയ ധാരണയോടു കൂടി ഉണ്ടാക്കിയെടുത്ത ഒരു നീക്കവുമായി പൂർണമായും യോജിച്ചു കൊണ്ടുള്ള സമീപനമായിരുന്നു ഇത്. പക്ഷെ ഇത്തവണ അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത കൂടുതല്‍ കനത്തതായിരുന്നു. നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വലിയ പിന്തുണ അനുഭവിച്ച് വരുന്ന വേളയിലാണ് ചൈന സ്ഥിതി ഗതികള്‍ വഷളാക്കിയത്. കാലാപാനി, ലിപുലേക്ക് സംബന്ധിച്ച് പരിഹരിക്കപ്പെടാതെ കിടക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇന്ത്യാ-നേപ്പാള്‍ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുകയും, കശ്‌മീരിർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉള്ള ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്‌ത സമയത്താണ് ഈ ചൈനീസ് കടന്നു കയറ്റം ഉണ്ടായത്.

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)

പാക് അധീന കശ്‌മീരിലെ പ്രദേശമായ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലൂടെ കടന്നു പോയി കഷ്‌ഗറിനെ അറബി കടലുമായി ബന്ധിപ്പിക്കുന്ന ഈ ഇടനാഴി ചൈനയുടെ സമ്പദ് വ്യവസ്ഥയെ വന്‍ തോതില്‍ മെച്ചപ്പെടുത്തും. സിപിഇസി പദ്ധതിക്ക് പാകിസ്ഥാന്‍ നല്‍കുന്ന അമിതമായ പിന്തുണ കശ്‌മീര്‍ പ്രശ്‌നത്തിനുമേല്‍ അന്താരാഷ്ട്ര തലത്തില്‍ ആവശ്യമായി വരുമ്പോള്‍ വലിയ പിന്തുണ ചൈനയില്‍ നിന്നും അവര്‍ക്ക് നേടി കൊടുത്തിരുന്നു. കശ്‌മീർ വിഘടനവാദ പ്രസ്ഥാനമെന്ന പാകിസ്ഥാന്‍റെ ലക്ഷ്യത്തെ ചൈന എന്നും പിന്തുണക്കുകയാണ് ചെയ്‌തിട്ടുള്ളത്. എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാനുള്ള സംരക്ഷണവും ചൈന പാകിസ്ഥാന് നല്‍കുന്നുണ്ട്. മൗലാനാ മസൂദ് അസര്‍ എന്ന കുപ്രസിദ്ധ ഭീകര പ്രസ്ഥാന കമാന്‍ഡറിനെ രക്ഷിക്കാന്‍ യഥാർഥത്തില്‍ ചൈന ശ്രമിച്ചിട്ടുണ്ട്.

പത്ര പ്രവര്‍ത്തകന്‍റെ വേഷം കെട്ടി പോര്‍ച്ചുഗീസ്‌ പാസ്‌പോര്‍ട്ട് ഉണ്ടാക്കി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ മസൂദിനെ കശ്‌മീരില്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് നേപ്പാളില്‍ നിന്നും പഞ്ചാബിലേക്ക് പോകുന്ന വഴി തട്ടിക്കൊണ്ടു പോയ ഐസി 814 എയര്‍ ഇന്ത്യാ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പകരമായി വിട്ടു കൊടുക്കുകയും ചെയ്‌തിരുന്നു. പിന്നീടാണ് അസര്‍ ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനക്ക് രൂപം നല്‍കുകയും, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ നിന്നും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തത്. ഐക്യരാഷ്ട്ര സഭയില്‍ ഒരു ആഗോള ഭീകരന്‍ എന്ന നിലയില്‍ അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളെയെല്ലാം അട്ടിമറിച്ച് അയാളെ സംരക്ഷിക്കാൻ ചൈന ശ്രമിച്ചു. പാക് അധീന കശ്‌മീരിലെ ഭീകരര്‍ക്ക് ശല്യക്കാര്‍ എന്ന ഒരു മൂല്യം ഉണ്ടായിരുന്നു. അസറിനെ പോലുള്ള ആളുകളെ തങ്ങളുടെ ഭാഗത്ത് നിര്‍ത്താന്‍ കഴിഞ്ഞില്ലായിരുന്നു എങ്കില്‍ ഒരിക്കലും ഈ ഇടനാഴി നിർമാണം തടസമില്ലാതെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമായിരുന്നില്ല എന്നതിനാലാണ് ചൈന ഇവര്‍ക്കെല്ലാം ഈ പിന്തുണ നല്‍കുന്നത്.

ഇനി ഇപ്പോള്‍ പ്രധാനപ്പെട്ട മൂന്ന് മുന്നണികളിലും പുറകോട്ട് തള്ളി പോകാതിരിക്കാന്‍ തങ്ങളെ അനുവദിക്കാതിരിക്കാന്‍ ഇന്ത്യ എന്തു ചെയ്യേണ്ടിയിരിക്കുന്നു എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. നേപ്പാളുമായി സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി ബന്ധം സാധാരണ ഗതിയിലാക്കുക എന്നതാണ് ഒരു പ്രധാന അജണ്ടയായി ഇന്ത്യ ഏറ്റെടുക്കാന്‍ പോകുന്നത്. രണ്ടാമതായി ചൈനയുമായുള്ള പ്രശ്‌നം നയതന്ത്ര, രാഷ്ട്രീയ പരിഹാരത്തിന് വിട്ടുകൊടുക്കുകയും സൈനിക വഴി ഏറ്റവും ഒടുവിലത്തേതായി, എല്ലാ രാഷ്ട്രീയ വഴികളും പൂർണമായും അവസാനിച്ചാല്‍ മാത്രം, നിശ്ചയിക്കുകയും ചെയ്യുക എന്നതാണ്. നിയന്ത്രണ രേഖ ഒരു കാലത്തും അവസാനിക്കാത്ത ഒരു പ്രശ്‌നമാണ്. അത് യഥാർഥ നിയന്ത്രണ രേഖയില്‍ നിന്നും മാറ്റി നിര്‍ത്തി കൈകാര്യം ചെയ്യേണ്ടതാണ്. ചൈനയും പാകിസ്ഥാനും പരസ്‌പര പൂരിതമായ ഒരു ബന്ധത്തിലൂടെ കൈകോര്‍ത്ത് നില്‍ക്കുന്നതിനാല്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ എല്‍എസി പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ. ചൈനയുടെ കാര്യത്തില്‍ ശത്രുതയില്ലാതെ തന്നെ ഒരു യുദ്ധം ജയിക്കുക എന്നതാണ് സംഭവിക്കാന്‍ സാധ്യത. മറിച്ചാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം തന്നെ വലിയ ഒരു ദുരന്തമായി അത് മാറാനാണ് സാധ്യത.

ABOUT THE AUTHOR

...view details