ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ചോദ്യം ചെയ്‌തു. യഥാർഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിലും, മേഖലയിലെ സ്ഥിതി മാറ്റിമറിച്ചത് ചൈനയാണെന്ന് സർക്കാർ അംഗീകരിച്ച വിഷയത്തിലും മന്ത്രാലയം എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് ചിദംബരം ചോദിച്ചു. മന്ത്രാലയത്തിന്‍റെ പ്രസ്‌താവന ഇന്ത്യൻ പ്രദേശത്ത് ആരും നുഴഞ്ഞുകയറിയിട്ടില്ലെന്ന വാദത്തെ വീണ്ടും തള്ളിപ്പറയുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ-ചൈന സംഘർഷം; വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയെ ചോദ്യം ചെയ്‌ത് പി. ചിദംബരം
യഥാർഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിലും, മേഖലയിലെ സ്ഥിതി മാറ്റിമറിച്ചത് ചൈനയാണെന്ന് സർക്കാർ അംഗീകരിച്ച വിഷയത്തിലും വിദേശകാര്യ മന്ത്രാലയം എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് പി. ചിദംബരം ചോദ്യമുന്നയിച്ചു.
അതിർത്തിയിലെ സമാധാനാന്തരീക്ഷം പൂർണമായി പുനഃസ്ഥാപിക്കുന്നതിനായി ചൈനീസ് സൈന്യം സഹകരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‌തവ വ്യാഴാഴ്‌ച പ്രസ്‌താവന നടത്തിയിരുന്നു. ജൂണിൽ ഗൽവാൻ താഴ്‌വരയിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടു. ചൈനീസ് സൈനികരിൽ 43 പേർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്‌തതായി ഇന്ത്യ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി കമാൻഡർതല ചർച്ചകൾ നടക്കുന്നുണ്ട്.