കേരളം

kerala

ETV Bharat / bharat

ഇന്ത്യ-ചൈന സംഘർഷം; എല്‍എസി മായ്‌ക്കാനുള്ള ചൈനയുടെ ഗൂഢ തന്ത്രമോ?

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മേഖലയെ ചൈനയുടെ നിയന്ത്രണ മേഖലയിൽ നിന്നും വേര്‍തിരിക്കുന്ന 3440 കിലോമീറ്റര്‍ നീളമുള്ള അവ്യക്തമായ ഒരു രേഖയാണ് യഥാർഥ നിയന്ത്രണ രേഖ. അതിര്‍ത്തിയിലെ കടന്നു കയറ്റങ്ങള്‍ക്ക് പുറകില്‍ ചൈനയുടെ ഗൂഢമായ നീക്കങ്ങൾ കാണാൻ കഴിയും. കിഴക്കന്‍ ലഡാക്കിന് നേരെയുള്ള അവകാശവാദം കൂടുതല്‍ ഉയര്‍ത്തി കൊണ്ട് ചൈന ദംചോക്ക്-കുയുല്‍ മേഖലയുടെ വലിയ ഒരു ഭാഗം പിടിച്ചടക്കി കഴിഞ്ഞു.

India-china  India-China border  LAC  Ladakh  Plot to erase LAC  ഇന്ത്യ-ചൈന  ഇന്ത്യ-ചൈന സംഘർഷം  എല്‍എസി  ലഡാക്ക്  ഗൽവാൻ
ഇന്ത്യ-ചൈന സംഘർഷം; എല്‍എസി മായ്‌ക്കാനുള്ള ചൈനയുടെ ഗൂഢ തന്ത്രമോ?

By

Published : Jun 20, 2020, 1:25 PM IST

ഹൈദരാബാദ്: ഹിമാലയൻ മേഖലയില്‍ ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്ളതിനു പുറമെ ലഡാക്കിലും ചൈന കടന്നു കയറാന്‍ ശ്രമം നടത്തി. ചൈനീസ് സൈന്യം യഥാർഥ നിയന്ത്രണ രേഖ (എല്‍എസി) മുറിച്ചു കടന്നതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വഷളായി. പാങ്കോംഗ് ത്സോ, ദംചോക്ക്, ഗല്‍വാന്‍ താഴ്‌വര, ദൗലത്ത് ബേഗ് ഓള്‍ഡി എന്നിവിടങ്ങള്‍ ഇന്ത്യയും ചൈനയും പരസ്‌പരം ഏറ്റുമുട്ടി. ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. അതേ സമയം തന്നെ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ തങ്ങള്‍ക്ക് സ്വന്തമാണെന്ന അവകാശവാദം ചൈന ഉയര്‍ത്തി.

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മേഖലയെ ചൈനയുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ നിന്നും വേര്‍തിരിക്കുന്ന 3440 കിലോമീറ്റര്‍ നീളമുള്ള അവ്യക്തമായ ഒരു രേഖയാണ് യഥാർഥ നിയന്ത്രണ രേഖ (എല്‍എസി). നിരവധി ഭാഗങ്ങളില്‍ എല്‍എസി ഇരു മേഖലകളേയും കവിഞ്ഞു കിടക്കുന്നു എന്നതിനാല്‍ അനധികൃതമായ അതിര്‍ത്തി അവകാശവാദങ്ങള്‍ ചൈന ഉന്നയിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇടക്കിടെ ഉണ്ടാകുന്ന ഏറ്റുമുട്ടലുകളെല്ലാം ഇവിടെ പതിവാണ്. പടിഞ്ഞാറന്‍, കിഴക്കന്‍, മദ്ധ്യമേഖലകള്‍ എന്നീ മൂന്ന് മേഖലകളായി എല്‍എസി വിഭജിക്കപ്പെട്ടിരിക്കുന്നു. കാരകോറം മലമ്പാതയുടെ വടക്കു പടിഞ്ഞാറു നിന്ന് തുടങ്ങി ദംചോക്ക് വരെ നീളുന്ന 1570 കിലോമീറ്ററാണ് പടിഞ്ഞാറന്‍ മേഖല.

1950-കള്‍ മുതല്‍ തന്നെ ഇന്ത്യക്കും ചൈനക്കും ഇടയില്‍ ഏറ്റവും വലിയ തര്‍ക്ക വിഷയമായി മാറിയ അതിര്‍ത്തി മേഖലയാണ് അക്‌സായ് ചിന്‍. ഈ മേഖല ഏതാണ്ട് 38000 ചതുരശ്ര കിലോമീറ്റര്‍ വരും. 1957-ല്‍ ചൈന ഈ പ്രദേശം കൈയ്യടക്കിയതാണ്. എന്നാല്‍ അത് ലഡാക്ക് മേഖലയുടെ ഭാഗമാണെന്ന് ഇന്ത്യ അവകാശപ്പെടുന്നു. 1962-ല്‍ അക്‌സായ് ചിന്നിനെ ടിബറ്റുമായും സിന്‍ ജിയാങ്ങുമായും ബന്ധിപ്പിച്ചു കൊണ്ട് ഒരു റോഡ് ചൈന നിർമിച്ചു. ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള തര്‍ക്ക വിഷയമായ ദംചോക്ക് മേഖലയിലെ ഒരു സൈനിക താവളമാണ് ദംചോക്ക് ഗ്രാമം. ഇന്ത്യ അവകാശപ്പെടുന്ന ഇവിടത്തെ അതിര്‍ത്തി ദംചോക്കിന് തെക്ക് കിഴക്ക് വരെ നീളുമ്പോള്‍ അവിടെ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ തമ്മില്‍ പതിവായി സംഘര്‍ഷം ഉണ്ടാകാറുണ്ട്.

സിക്കിമില്‍ നിന്നും അതിര്‍ത്തി വരെ എത്തി മ്യാൻമർ വരെ പോകുന്ന 1325 കിലോമീറ്ററാണ് കിഴക്കന്‍ മേഖല. ഇവിടെ ഏറ്റവും കൂടുതല്‍ തര്‍ക്ക പ്രദേശങ്ങളുള്ളത് അരുണാചല്‍ പ്രദേശിലാണ്. പക്ഷെ ദശാബ്‌ദങ്ങളായി അരുണാചല്‍ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെട്ടു കൊണ്ടിരിക്കുന്നു. അപ്പര്‍ സുബാന്‍സിരി ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന കാടും മേടും നിറഞ്ഞ 100 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള മേഖലയാണ് അസഫില്ല. 1962 ലെ ഇന്ത്യ-ചൈന യുദ്ധ സമയത്ത് ചൈനയുടെ നേരിട്ടുള്ള ആക്രമണത്തിന് ഈ മേഖല സാക്ഷിയായി.

നിലവില്‍ ഈ മേഖല ഒരു രാജ്യത്തിന്‍റെയും കൈവശമില്ല. ടിബറ്റിലെ മിഗ്ഗി തുന്‍ എന്ന ചൈനയുടെ സൈനിക താവളത്തിന് നേരെ എതിര്‍ വശത്തുള്ള അപ്പര്‍ സുബാന്‍സിരി ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന ലോങ്ങ്ജ്യു 1959 ല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മിയും അസം റൈഫിള്‍സും തമ്മില്‍ ആദ്യം സായുധ യുദ്ധം നടന്ന സ്ഥലമാണ്. ലോങ്ങ്ജ്യൂ ഇന്ത്യ കൈവശം വച്ചിട്ടില്ലെങ്കിലും അതിന് പത്ത് കിലോമീറ്റര്‍ തെക്ക് മാറി മജായില്‍ ഒരു താവളം ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. തവാങ്ങില്‍ നിന്നും ഏതാണ്ട് 60 കിലോമിറ്റര്‍ ദൂരെയാണ് നമാക്കാ ച്യൂ നദീ താഴ്‌വര സ്ഥിതി ചെയ്യുന്നത്. 1962 ലെ യുദ്ധം ആരംഭിച്ചത് ഇവിടെയാണ്. തവാങ്ങ് ജില്ലയിലെ ക്യാ ഫോ മേഖലയിലെ നംകാ ച്യൂവിന് കിഴക്കായി സ്ഥിതി ചെയ്യുന്ന മേഖലയിലാണ് സം ദൊറോങ്ങ് ച്യു. 1986 ല്‍ ഈ സ്ഥലം ചൈന കൈവശപ്പെടുത്തി. ചൈനയുടെ ഈ കൈവശപ്പെടുത്തലിന് തിരിച്ചടിയായി അതേ വർഷം ഇന്ത്യന്‍ സൈന്യം യാങ്ങ് സ്‌റ്റെ (തവാങ്ങ് ജില്ലയുടെ ഭാഗം) കൈവശപ്പെടുത്തി.

ദംചോക്ക് മുതല്‍ നേപ്പാളിന്‍റെ അതിര്‍ത്തി വരെ നീളുന്ന 545 കിലോമിറ്ററാണ് മധ്യമേഖല. ഇത് ഹിമാചല്‍ പ്രദേശ് മുതല്‍ ഉത്തരാഖണ്ഡ് വരെ നീളുന്നു. ഉത്തരാഖണ്ഡിലെ ചമോളി ജില്ലയിലെ കന്നുകാലികള്‍ മേയുന്ന ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ മേഖല. ഈ പ്രദേശത്തും ചൈന ആക്രമണം നടത്തിയിട്ടുണ്ട്. പാങ്കോംഗ് ത്സോ അല്ലെങ്കില്‍ പാങ്ങ്ഗോങ്ങ് തടാകം ഹിമാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശം വരെ നീളുന്ന 135 കിലോമീറ്റര്‍ നീളമുള്ള തടാകമാണിത്. ലേയില്‍ നിന്നും 54 കിലോമീറ്റര്‍ ദൂരെയാണ് ഈ പ്രദേശം. 1962 ലെ യുദ്ധത്തില്‍ തടാകത്തിന്‍റെ കരയില്‍ നിന്നാണ് ചൈന ആദ്യ ആക്രമണം നടത്തുന്നത്. പാങ്കോംഗ് തടാകത്തിന്‍റെ കിഴക്കന്‍ ഭാഗത്തു കൂടെ ചൈന ഒരു ദേശീയ പാത നിർമിച്ചു. ഇന്ത്യയുമായി ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനയെ സംബന്ധിച്ചിടത്തോളം ഈ തടാകത്തിന് ഏറെ തന്ത്രപരമായ പ്രാധാന്യമുണ്ട് .

ഇന്ത്യയിലെ ലഡാക്ക് മേഖലയിലെ തര്‍ക്ക പ്രദേശമായ അക്‌സായ് ചിന്നില്‍ നിന്നും ഒഴുകുന്ന നദിയാണ് ഗല്‍വാന്‍ നദി. 1962 ലെ യുദ്ധത്തില്‍ ഇന്ത്യ-ചൈന സേനകള്‍ ഏറ്റുമുട്ടിയ ഒരു പ്രധാനപ്പെട്ട മേഖലയാണ് ഗല്‍വാന്‍ താഴ്‌വര. കശ്‌മീരി പാരമ്പര്യമുള്ള ലഡാക്കിലെ ഒരു പര്യവേഷകനായ ഗുലാം റസൂല്‍ ഗല്‍വാന്‍റെ പേരിലാണ് ഈ നദി അറിയപ്പെടുന്നത്. ഇന്ത്യ അക്‌സായ് ചിന്നിന് മേലുള്ള തങ്ങളുടെ അവകാശ വാദം തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ചൈന തങ്ങളുടെ അവകാശവാദങ്ങള്‍ ഗല്‍വാന്‍ നദിക്ക് പടിഞ്ഞാറ് വരെ നീട്ടി. ലഡാക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു സൈനിക താവളമാണ് ദൗലത്ത് ബേഗ് ഓള്‍ഡി. അക്‌സായ് ചിന്നിന് വടക്ക് പടിഞ്ഞാറായി ഒമ്പത് കിലോമീറ്റര്‍ മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 43 വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം 2008 ല്‍ ഇന്ത്യന്‍ വ്യോമസേന ഇവിടെ വിമാനങ്ങള്‍ ഇറക്കുകയുണ്ടായി. 1962 ലെ യുദ്ധത്തിനു ശേഷം ഇത് ഒരു തര്‍ക്ക മേഖലയായി മാറി.

അതിര്‍ത്തിയിലെ കടന്നു കയറ്റങ്ങള്‍ക്ക് പുറകില്‍ ചൈനയുടെ ഗൂഢമായ നീക്കങ്ങൾ കാണാൻ കഴിയും. കിഴക്കന്‍ ലഡാക്കിന് നേരെയുള്ള അവകാശ വാദം കൂടുതല്‍ ഉയര്‍ത്തി കൊണ്ട് ചൈന ദംചോക്ക്-കുയുല്‍ മേഖലയുടെ വലിയ ഒരു ഭാഗം പിടിച്ചടക്കി. ലഡാക്കിന്‍റെ പഴയ അതിര്‍ത്തി കെഗു നാരോയിലായിരുന്നു. പിന്നീട് 1984വല്‍ നാഗത്‌ സാംങ്ങ് വരെയും, 1991 ല്‍ നാകുങ്ങ് വരെയും, 1992 ല്‍ ലുങ്ങ്മാ സെര്‍ദാങ്ങ് വരെയും, 2008 ല്‍ ഷാക്ക് ജങ്ങ് വരെയും ചൈന കൈയ്യടക്കി. 2000 ല്‍ ചൈനയിലെ സിന്‍ ജിയാങ്ങ് മേഖലയില്‍ നിന്നും തര്‍ക്ക പ്രദേശമായ അക്‌സായ ചിന്നിലേക്ക് ഒഴുകുന്ന ചിപ് ചാപ് നദി ചൈനക്കാര്‍ കൈയ്യടക്കി. 2013 ല്‍ വീണ്ടും ചൈനക്കാര്‍ ഇന്ത്യന്‍ ഭൂപ്രദേശത്തിന് 19 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നു കയറി. ചൈനയുടെ ഇത്തരം കടന്നു കയറ്റങ്ങളിലൂടെ ഇന്ത്യക്ക് 640 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം നഷ്‌ടമായി എന്ന് മുന്‍ വിദേശ കാര്യ സെക്രട്ടറി ശ്യാം സരണ്‍ പറയുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് വളരെ നീണ്ട ഒരു ചരിത്രമുണ്ടെങ്കിലും ഈയിടെ ഉണ്ടായ സംഘര്‍ഷങ്ങള്‍ പുതിയ സംഭവ വികാസങ്ങളുടെ ഫലമാണ്. കടന്നു കയറാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ തങ്ങളുടെ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. 225 കിലോമീറ്റര്‍ നീളമുള്ള ദര്‍ബുക്-ഷ്യോക്-ദൗലത്ത് ബേഗ് ഓള്‍ഡി റോഡ് ഇതിന്‍റെ ഭാഗമായിരുന്നു. ഇതിന്‍റെ നിർമാണത്തില്‍ എതിർപ്പ് പ്രകടിപ്പിച്ച ചൈന ഗല്‍വാനിലുള്ള ഇന്ത്യൻ സൈനിക താവളങ്ങളും പാലങ്ങളും നശിപ്പിച്ചു. ലഡാക്കിനെ ഈയിടെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചു.

കിഴക്കന്‍ ലഡാക്കിന്മേലുള്ള തങ്ങളുടെ അവകാശ വാദം ഊന്നി പറഞ്ഞു കൊണ്ട് ചൈന ഈ നീക്കത്തെ വിമര്‍ശിച്ചു. അതിനു പുറമേയാണ് ജമ്മു കശ്‌മീര്‍ വിഷയം നിയമ വിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ചൈന പരാതി നൽകിയത്. കൊവിഡ് രോഗം ചൈന വ്യാപിപിച്ചതാണെന്ന് നിരവധി രാജ്യങ്ങള്‍ ആരോപിക്കുന്നുണ്ട്. കൊവിഡിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം നടത്താന്‍ ഇന്ത്യയുടെ പിന്തുണ അമേരിക്ക തേടി. മറ്റ് രാജ്യങ്ങളുമായി കൈകോര്‍ക്കുന്നതിന് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ചൈന അതിര്‍ത്തിയിലെ ആക്രമണങ്ങൾ നടത്തുകയാണ്. അതേ സമയം തന്നെ നേപ്പാളിനെ ഇന്ത്യക്കെതിരെ തിരിച്ചു വിടാനും അവര്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് ലിംപു ലേക്കും, കാലാപാനിയും തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമാണെന്ന് കാട്ടുന്ന പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കാന്‍ ചൈന നേപ്പാളിന് മേല്‍ സമ്മർദം നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്.

ABOUT THE AUTHOR

...view details