ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷന് കീഴിലുള്ള ഇൻഡേൻ എല്‍പിജി ബ്രാൻഡിന്‍റെ 67 ലക്ഷത്തോളം ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പ്രാദേശിക വിതരണക്കാരുടെയും ഡീലര്‍മാരുടെയും കൈവശമുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നതെന്ന് ഫ്രഞ്ച് സുരക്ഷാ ഗവേഷകൻ അവകാശപ്പെടുന്നു. സൈബര്‍ലോകത്ത് എലിയറ്റ് അല്‍ഡേര്‍സണ്‍ എന്നറിയപ്പെടുന്ന ബാപ്റ്റിസ് റോബര്‍ട്ടാണ് ബ്ലോഗിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
'ഇൻഡേൻ' ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ചോർന്നതായി ഫ്രഞ്ച് സുരക്ഷാ ഗവേഷകൻ - ഫ്രഞ്ച് സുരക്ഷാ ഗവേഷകൻ
ഇൻഡേൻ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി എലിയറ്റ് അല്‍ഡേര്‍സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകനായ ബാപ്റ്റിസ് റോബർട്ട് അവകാശപ്പെടുന്നു. വെബ്സൈറ്റിൽ പ്രദർശിപ്പിച്ച ആധാർ വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതുവരെ ശേഖരിച്ചതെല്ലാം കൃത്യമായ വിവരങ്ങളാണെന്ന് തെളിഞ്ഞതായും അൽഡേർസൺ.
യൂസര്‍നെയിം, പാസ്വേഡ് എന്നിവ ചോര്‍ത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. 11062 ഡീലര്‍മാരില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്താൻ സാധിക്കും. ആദ്യദിനം 9490 ഡീലര്‍മാരുടെ കൈവശമുള്ള ചോര്‍ത്തിയ വിവരങ്ങള്‍ കൃത്യമാണെന്നും റോബര്‍ട്ട് പറഞ്ഞു. 58 ലക്ഷത്തിലധികം പേരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഇൻഡേൻ ഐപി അഡ്രസ് ബ്ലോക്ക് ചെയ്തതിനാല്‍ 1572 ഡീലര്‍മാരുടെ വിവരങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിക്കാൻ കഴിയാതെ പോയെന്നും അദ്ദേഹം അവകാശപ്പെടുന്നു.
അതേസമയം ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് ഇൻഡേനിന്‍റെ പ്രതികരണം. സബ്സിഡി നൽകുന്നതിനാവശ്യമായ ആധാർനമ്പർ മാത്രമാണ് സോഫ്റ്റ് വെയറില്‍ ശേഖരിക്കുന്നത്. മറ്റ് ആധാര്‍ വിവരങ്ങള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നും ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷൻ വ്യക്തമാക്കി. അതിനാൽ തങ്ങളുടെ പക്കൽനിന്ന് ആധാർവിവരങ്ങൾ ചോർത്തിയെന്ന വാദം ശരിയല്ലെന്നും കമ്പനി വ്യക്തമാക്കി.