ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് ബാധിതർ കൂടുതല്‍ ഉള്ള സംസ്ഥാനങ്ങൾ കൊവിഡ് പരിശോധന വർധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് നിരക്ക് ഉയർന്ന് നില്‍ക്കുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഉത്തർപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാർ, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി കൊവിഡ് വ്യാപനം പ്രതിരോധനവും അവലോകനം ചെയ്തത്.
ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വർധന കുറയ്ക്കാൻ സാധിച്ചാല്‍ രാജ്യം കൊവിഡ് പ്രതിരോധത്തില്‍ വിജയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് നിരക്ക് കൂടുതലുള്ളത്. ഈ സംസ്ഥാനങ്ങളില്‍ പരിശോധന വർധിപ്പിക്കണം. നിലവില്‍ 80 ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളിലായതിനാല്‍ കൊവിഡ് പ്രതിരോധത്തില്‍ ഇവരുടെ പങ്ക് വളരെ വലുതാണെന്നും പ്രധാനമന്ത്രി വിലയിരുത്തി. രാജ്യത്ത് കേസുകളുടെ എണ്ണം ആറ് ലക്ഷം കഴിഞ്ഞു. പരിശോധനയുടെ എണ്ണം പ്രതിദിനം ഏഴ് ലക്ഷത്തിലെത്തിയെന്നും തുടർച്ചയായി വർധിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ കേന്ദ്രീകൃതമായി രീതിയില്‍ ശ്രമിച്ചാല്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാക്കാം. മരണ നിരക്ക് കുറയുന്നത് ആശ്വാസം നല്‍കുന്നുണ്ട്. കേസുകളുടെ എണ്ണം കുറയുകയും കൊവിഡ് മുക്ത നിരക്ക് വർധിക്കുകയും ചെയ്യുന്നത് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണെന്നതിന് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഉത്തർപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പഞ്ചാബ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാർ, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ചർച്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
കണ്ടെയ്ൻമെന്‍റും സമ്പർക്ക പട്ടിക തയ്യാറാക്കലും കൊവിഡ് പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. ഇപ്പോൾ പൊതുജനങ്ങളും സ്ഥിതി മനസിലാക്കുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്. സർക്കാരിന്‍റെ ബോധവത്കരണത്തിന്‍റെ ഫലമാണിത്. ഹോം ക്വാറന്‍റൈൻ സംവിധാനം ഇത്രയും നല്ല രീതിയില്‍ നടപ്പാക്കുന്നത് ഇതിന്‍റെ ഫലമാണ്. 72 മണിക്കൂറിനുള്ളില്‍ കേസുകൾ കണ്ടെത്താൻ കഴിഞ്ഞാല്‍ കൊവിഡിനെ ഒരുപരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിദഗ്‌ധർ പറയുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ സംസ്ഥാനങ്ങളും മികച്ച രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കേന്ദ്രവും സംസ്ഥാന സർക്കാരും ഒറ്റക്കെട്ടായാണ് കൊവിഡിനെ നേരിടുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.