കേരളം

kerala

ETV Bharat / bharat

'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ഒരുവര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് കേന്ദ്രം - രണ്ടാം മോദി സര്‍ക്കാരിന്റെ 100 ദിനം

പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സബ്‌സിഡി നിരക്കില്‍ രാജ്യത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏത് റേഷന്‍ കടകളില്‍ നിന്നും അര്‍ഹതപ്പെട്ടവര്‍ക്ക് അവശ്യവസ്തുക്കൾ വാങ്ങാന്‍ കഴിയും

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍

By

Published : Jun 30, 2019, 8:46 AM IST

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി സംസ്ഥാനങ്ങളിൽ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. 2020 ജൂണ്‍ 30 ന് മുമ്പ് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് രാജ്യത്തെ ഏത് റേഷന്‍ കടകളില്‍ നിന്നും സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാൻ സാധിക്കുന്ന തരത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ത്രിപുര, കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ വ്യക്തമാക്കി. 2020 ജൂണ്‍ 30 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളും പദ്ധതി നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റേണ്ടിവരുന്ന പാവപ്പെട്ട ജനങ്ങൾക്ക് പൊതുവിതരണ സംവിധാനത്തിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചതായും കേന്ദ്ര ഭക്ഷ്യമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്‍റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കുന്നത്.

11 സംസ്ഥാനങ്ങളില്‍ കൂടി പൊതുവിതരണ സംവിധാനത്തില്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഈ സംസ്ഥാനങ്ങളിലെ റേഷന്‍ കടകളില്‍ പോയിന്‍റ് ഓഫ് സെയില്‍ മെഷിനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details