ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘർഷം നിലനില്‍ക്കുന്നതിനിടെ ലഡാക്കിലെ നിയന്ത്രണ രേഖ സന്ദർശിച്ച് ഇന്ത്യൻ എയർ ചീഫ് ആർകെഎസ് ഭദൗരിയ. അതിർത്തിക്കടുത്തെ സാഹചര്യം വ്യോമസേന മേധാവി വിലയിരുത്തി. ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അയവില്ലാതെ അതിർത്തി തർക്കം; വ്യോമസേന മേധാവിയും ലഡാക്ക് സന്ദർശിച്ചു - ഇന്ത്യ ചൈന തർക്കം
കരസേന മേധാവി എം.എം നരവനയ്ക്ക് പിന്നാലെയാണ് ഇന്ത്യൻ എയർ ചീഫ് ആർകെഎസ് ഭദൗരിയ ലഡാക്കിലെ അതിർത്തി മേഖല സന്ദർശിച്ചത്. അതിർത്തിയിലെ സാഹചര്യം വ്യോമസേന മേധാവി വിലയിരുത്തി.
ഈസ്റ്റേൺ എയർ കമാൻഡിലെ മുൻനിര എയർ ബേസുകളാണ് എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭഡൗരിയ സന്ദർശിച്ചത്. നേരത്തെ കരസേന മേധാവി എം.എം നരവനെയും ലഡാക്ക് അതിർത്തി സന്ദർശിച്ചിരുന്നു. ചൈനയുടെ നീക്കം പ്രതിരോധിച്ച നടപടിയെയും എയർ ചീഫ് അഭിനന്ദിച്ചു. ഓഗസ്റ്റ് 29, 30 തീയതികളിൽ, ലഡാക്കിലെ പാങ്കോങ് ത്സോയ്ക്ക് സമീപം ഇന്ത്യൻ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ചൈനീസ് സൈന്യത്തിന്‍റെ ശ്രമത്തെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഏത് സ്ഥിതിയും നേരിടാൻ അതിർത്തിയില്‍ ഉടനീളം സൈനികശേഷി കൂട്ടാനാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിന്‍റെ തീരുമാനം. ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സ്ഥിതി കൂടുതൽ വഷളായത്. അഞ്ച് ലെഫ്റ്റനന്‍റ് ജനറൽ ലെവൽ ചർച്ചകൾ ഉൾപ്പെടെ കഴിഞ്ഞ മൂന്ന് മാസമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലങ്ങളൊന്നും നേടാനായില്ല.