മുംബൈ: നല്ല ട്രാഫിക് ബ്ലോക്കില്‍ കിടക്കുമ്പോൾ ഹോൺ അടിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. മുംബൈ നഗരത്തില്‍ ഈ 'അസുഖം' കുറച്ച് കൂടുതലാണ്. ട്രാഫിക് ബ്ലോക്കില്‍ കിടക്കുമ്പോൾ ഹോൺ അടിച്ചാല്‍ ബ്ലോക്ക് മാറുമെന്നാണ് മുംബൈയിലെ ഡ്രൈവർമാരുടെ ചിന്ത. അതുകൊണ്ട് മുംബൈ നഗരത്തിന് 'ഹോണടിക്കാരുടെ തലസ്ഥാനം' എന്നൊരു വിളിപ്പേര് തന്നെയുണ്ട്.
ട്രാഫിക് സിഗ്നലില്‍ ഹോൺ അടിച്ചാല്‍ എട്ടിന്‍റെ പണി; മുംബൈ പൊലീസിന് കാഞ്ഞ ബുദ്ധിയാ... - ട്രാഫിക് ബ്ലോക്ക്
ട്രാഫിക് സിഗ്നലുകളിൽ ഡെസിബല്‍ മീറ്ററുകൾ സ്ഥാപിച്ച് മുംബൈ പൊലീസ്.
തലച്ചോർ തുളച്ചുകയറുന്ന ഹോൺ ശബ്‌ദം മുംബൈ നഗരത്തെ വലയ്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒടുവില്‍ സഹികെട്ട് മുംബൈ ട്രാഫിക് പൊലീസ് ഒരു ചെറിയ ബുദ്ധി പ്രയോഗിച്ചു. എല്ലാ ട്രാഫിക് സിഗ്നലിലും ഒരോ ഡെസിബല്‍ മീറ്ററുകൾ സ്ഥാപിച്ചു. സംഗതി സിമ്പിൾ... ട്രാഫിക് സിഗ്നല്‍ ചുവപ്പാണെങ്കില്‍ ഹോൺ അടിച്ചാല്‍ സിഗ്നല്‍ റീ സെറ്റ് ചെയ്യപ്പെടും. അത് ചുവപ്പായി തന്നെ തുടരും. ഹോൺ ശബ്‌ദം കേൾക്കുമ്പോഴെല്ലാം സിഗ്നല്‍ ചുവപ്പായി തുടരുമെന്ന് സാരം.
ഓരോ തവണ ഹോൺ അടിക്കുമ്പോഴും അത് നിങ്ങൾ വെയ്റ്റ് ചെയ്യേണ്ട സമയം വർധിപ്പിക്കും. ആദ്യം ആളുകൾക്ക് കാര്യം മനസിലായില്ല. അവർ ഹോൺ അടി തുടർന്നു. ചുവപ്പു സിഗ്നല്‍ മാറാതെ ആയപ്പോൾ പലരും കാര്യം അന്വേഷിച്ചു. ഇങ്ങനെയൊരു പണി കിട്ടുമെന്ന് ആരും കരുതിയതുമില്ല. എന്തായാലും 'ഡെസിബെല്‍ മീറ്റർ' ഐഡിയ വിജയം കണ്ടതിന്‍റെ സന്തോഷത്തിലാണ് മുംബൈ ട്രാഫിക് പൊലീസ്.