ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് സാധുതയുണ്ടോയെന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തിനോട് ഡല്‍ഹി ഹൈക്കോടതി. 16വയസുകാരിയായ പെണ്‍കുട്ടി 24 ആഴ്‌ച ഗര്‍ഭിണിയാണ്. ഗര്‍ഭഛിദ്രം അനുവദിക്കുന്നതിനാല്‍ പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി റാം മനോഹര്‍ ലോഹ്യ ആശുപത്രി മെഡിക്കല്‍ സുപ്രണ്ടിനോട് ആവശ്യപ്പെട്ടു.
സൈക്യാട്രിസ്റ്റ് അടക്കമുള്ള മെഡിക്കല്‍ സംഘമാണ് കുട്ടിയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 6നാണ് കോടതി കേസില്‍ വാദം കേള്‍ക്കുന്നത്. പരിശോധന നടത്തുന്ന ഡോക്‌ടറോട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ അമ്മയാണ് ഗര്‍ഭഛിദ്രത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്‌ട് അനുസരിച്ച് 20 ആഴ്‌ച കഴിഞ്ഞ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയില്ല. അതിനാലാണ് ഹൈക്കോടതി മെഡിക്കല്‍ വിദഗ്‌ധരുടെ ഉപദേശം തേടിയത്.