ചെന്നൈ: ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ പളനിക്ക് ജന്മനാട് വിട നല്‍കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാമനാഥപുരം ജില്ലയിലെ കടക്കല്ലൂര്‍ ഗ്രാമമാണ് അദ്ദേഹത്തിന്‍റെ ജന്മദേശം. സായുധ സേനയിലെ അധികൃതര്‍,ജില്ലാ കലക്‌ടര്‍,പൊലീസുകാര്‍,ജനപ്രതിനിധികള്‍ എന്നിവരടക്കം നിരവധി പേരാണ് പളനിക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.
വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ പളനിക്ക് ജന്മനാട് വിട നല്‍കി - കെ പളനി
രാമനാഥപുരം ജില്ലയിലെ കടക്കല്ലൂര്‍ ഗ്രാമത്തിലെ വസതിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ശവസംസ്‌കാരത്തിന് മുന്‍പ് മൃതദേഹം വഹിച്ച പേടകം പൊതിഞ്ഞ ത്രിവര്‍ണ പതാക അധികൃതര്‍ കുടുംബാഗങ്ങള്‍ക്ക് കൈമാറി. പളനിയുടെ ഇളയ മകനാണ് അനുബന്ധ ആചാരങ്ങള്‍ ചെയ്‌തത്. അദ്ദേഹത്തിന്‍റെ മൃതദേഹം മധുര വിമാനത്താവളത്തില്‍ ഇന്നലെ രാത്രി വൈകിയാണ് എത്തിയത്. . വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് മൃതദേഹം വസതിയിലെത്തിച്ചത്. ജില്ലാ കലക്‌ടര്‍ കെ വീര രാഘവ റാവു ആദരാഞ്ജലി അര്‍പ്പിക്കാനെത്തുകയും സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറുകയും ചെയ്‌തു. തിങ്കളാഴ്‌ച രാത്രിയുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ കേണല്‍ ഉള്‍പ്പടെ 20 സൈനികര്‍ ഗാല്‍വന്‍ താഴ്‌വരയില്‍ വീരമൃത്യു വരിച്ചിരുന്നു. അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലിനായിരുന്നു കഴിഞ്ഞ ദിവസം രാജ്യം സാക്ഷ്യം വഹിച്ചത്.