ഹത്രാസ്: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ച സംഭവത്തില്‍ സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടതെന്ന് കുടുംബത്തെ സന്ദർശിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഹത്രാസ് കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം - hathras victims family
കുടുംബത്തിന്‍റെ ആവശ്യങ്ങളും ചോദ്യങ്ങളും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്
ഏറെ പ്രതിഷേധങ്ങൾക്കൊടുവില്‍ ഹത്രാസില്‍ സന്ദർശനം നടത്തിയ നേതാക്കൾ രൂക്ഷ വിമർശനമാണ് യോഗി സർക്കാരിന് എതിരെ ഉന്നയിച്ചത്. കുടുംബത്തിന്‍റെ ആവശ്യങ്ങളും ചോദ്യങ്ങളും ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഗാന്ധി പങ്കുവച്ചത്. സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഹത്രാസിലെ ജില്ല മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്യണം. കുടുംബത്തിന്‍റെ അനുവാദമില്ലാതെ മകളുടെ മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം. തുടർച്ചയായി കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്ന് പറയണം. സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്ന് ഉറപ്പില്ലാതെ എങ്ങനെയാണ് പെൺകുട്ടിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നത് എന്നിവയാണ് കുടുംബം ഉന്നയിക്കുന്ന ചോദ്യങ്ങളെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആ കുടുംബത്തിന് ലഭിക്കേണ്ട അവകാശമുണ്ടെന്നും ട്വിറ്ററില്‍ പ്രിയങ്ക കുറിച്ചു. പെൺകുട്ടിക്ക് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും നേതാക്കൾ ഹത്രാസ് സന്ദർശനത്തിന് ശേഷം പ്രതികരിച്ചിരുന്നു.
യു.പി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്നലെ വൈകിട്ടോടെയാണ് ഹത്രാസിലെ പെൺകുട്ടിയുടെ വീട് സന്ദർശിച്ചത്. നേതാക്കളുടെ സന്ദർശനത്തെ തുടർന്ന് ഡല്‍ഹി- യുപി അതിർത്തിയില്‍ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. കെസി വേണുഗോപാല്‍, അധീർ രഞ്‌ജൻ ചൗധരി, മുകുൾ വാസ്‌നിക് എന്നിവർക്കൊപ്പമാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയത്. കോൺഗ്രസ് നേതാക്കൾ കുടുംബത്തെ കണ്ട് മടങ്ങിയ ഉടൻ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.