ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാതെ അര്‍ധരാത്രിയില്‍ സംസ്‌കരിച്ചതിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് രാജി ആവശ്യപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശത്തിന്‍റെ നഗ്നമായ ലംഘനമാണ് സംഭവിച്ചതെന്നും ഡല്‍ഹിയില്‍ ഒരു കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ വച്ച് പീഡനത്തിനിരയായ 19 കാരി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പിന്നാലെ രാത്രി തന്നെ പൊലീസ് മൃതദേഹം സംസ്‌കരിച്ചു. പൊലീസ് നിര്‍ബന്ധിച്ചാണ് സംസ്കാരം നടത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് സംഭവം വിവാദമായത്. എന്നാല്‍ ബന്ധുക്കളുടെ സമ്മതത്തോടെയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് പൊലീസ് പ്രതികരിച്ചു.