ന്യൂഡൽഹി:കേന്ദ്ര സർക്കാരിന് ഇംഗ്ലീഷ് ഭാഷക്ക് എതിരല്ലെന്നും രാജ്യത്തെ പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു. പല വികസിത രാജ്യങ്ങളും മാതൃഭാഷയെ വിദ്യാഭ്യാസ മാധ്യമമായി ഉപയോഗിച്ച് വിജയം കൈവരിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ആത്മ നിർഭർ വെബിനാറിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്തും: രമേശ് പൊഖ്രിയാൽ നിഷാങ്ക്
പല വികസിത രാജ്യങ്ങളും മാതൃഭാഷയെ വിദ്യാഭ്യാസ മാധ്യമമായി ഉപയോഗിച്ച് വിജയം കൈവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു.
ഹിന്ദിയിൽ സംസാരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധിപ്പിച്ചെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം, ഡിഎംകെ എംപി കനിമൊഴി കരുണാനിധിയും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്തണമെന്ന മന്ത്രിയുടെ പ്രസ്‌താവന. ദേശീയ വിദ്യാഭ്യാസ നയം 2020ലെ പല പ്രസക്ത ഭാഗങ്ങളും അദ്ദേഹം സദസുമായി പങ്കുവെച്ചു. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവർക്കും വിദ്യാഭ്യാസം നൽകുന്ന രീതിയിലുള്ളതാണ് പുതിയ വിദ്യാഭ്യാസ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിലെ ഓരോ കുട്ടിക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ആറാം ക്ലാസു മുതൽ വിദ്യാർഥികൾ സ്‌കിൽ അടിസ്ഥാനമാക്കിയുള്ള വിദ്യഭ്യാസത്തിലേക്ക് കടക്കാൻ പുതിയ നയത്തിലൂടെ സാധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. അറിവ് നേടുക, കഴിവുകൾ നേടുക, ധാർമ്മിക പാഠങ്ങൾ പഠിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നും പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.