ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന് വേണ്ട നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് നടപടികള്‍ പ്രഖ്യാപിച്ചത്.
ഇറാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം
ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. ഇതിനായി നാളെ മുതല്‍ മൂന്ന് ദിവസം മുംബൈയില്‍ നിന്നുമുള്ള പ്രത്യേക വിമാനം ഇറാനിലേക്ക് പോകും
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഇറാനില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യക്കാരേയും തിരിച്ചു എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി നാളെ മുതല്‍ മൂന്ന് ദിവസം മുംബൈയില്‍ നിന്നുമുള്ള പ്രത്യേക വിമാനം ഇറാനിലേക്ക് പോകുമെന്നും ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ പോകരുതെന്നും ആരോഗ്യമന്ത്രാലയം അഭ്യര്‍ഥിച്ചു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്‌ത 83 കൊവിഡ് 19 കേസുകളില്‍ 17 പേരും വിദേശീയരാണ്.