ന്യൂഡല്‍ഹി: ജനാധിപത്യ സമൂഹത്തിന്‍റെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമസ്വാതന്ത്ര്യം ആവശ്യമാണെന്നും സര്‍ക്കാര്‍ എല്ലായ്‌പ്പോഴും അത് മാനിക്കേണ്ടതാണെന്നും സുപ്രീം കോടതി. കശ്‌മീര്‍ ടൈംസിന്‍റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പ്രസ്‌താവിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്. ഓഗസ്റ്റ് ആറാം തീയതി മുതല്‍ പത്രത്തിന്‍റെ കശ്‌മീര്‍ പതിപ്പ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് മാധ്യമങ്ങള്‍ ഉപരോധം നേരിടുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മാധ്യമസ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കണമെന്ന് സുപ്രീംകോടതി
കശ്‌മീര്‍ ടൈംസിന്‍റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പ്രസ്‌താവിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്
പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും റിപ്പോര്‍ട്ടിങ് ചെയ്യുന്നതിനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടെന്ന് അനുരാധ ഭാസില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. അതേസമയം പ്രദേശത്ത് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മറ്റു പത്രങ്ങള്‍ക്ക് വിലക്കുള്ളതായി തെളിവുകള്‍ രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ ഈ വാദം നിയമാനുസൃതമായ വാദമായി കാണാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. വസ്‌തുതകള്‍ കണക്കിലെടുത്ത് ഉത്തരവാദിത്ത്വമുള്ള സര്‍ക്കാര്‍ മാധ്യമങ്ങളെ ബഹുമാനിക്കണമെന്നും മാധ്യമങ്ങളെ വിലക്കുന്ന നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.