കൊവിഡിന്‍റെ വ്യാപനത്തെ തുടർന്ന് ആളുകളിൽ സമ്മർദവും ഉത്കണ്‌ഠയും വർധിക്കുകയാണ്. ഇതുമൂലം പലരുടെയും ഉറക്കം നഷ്‌ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ഉത്കണ്‌ഠയും സമ്മർദവും കുറയ്ക്കുന്നതിനുള്ള മികച്ച മരുന്നാണ് നല്ല ഉറക്കം. സാമൂഹിക അകലം പാലിക്കുന്നതും കൈകൾ ശുദ്ധീകരിക്കുന്നതും പോലെ ഉറക്കവും പ്രധാനമാണെന്നാണ് ന്യൂറോ സൈക്കോളജിസ്റ്റുകൾ പറയുന്നത്. സുഖപ്രദമായ ഉറക്കത്തിന് നിങ്ങളെ സഹായിക്കുന്ന ആറ് കാര്യങ്ങളാണ് താഴെ തന്നിരിക്കുന്നത്.
പരിഭ്രാന്തര്‍ ആകാതെ ശ്രദ്ധിയ്ക്കുക
കൊവിഡ് വ്യാപനത്തെ തുടർന്ന് പലരുടെയും ദിനചര്യയിൽ മാറ്റം വന്നിട്ടുണ്ട്. ചിലർക്ക് ഉപജിവന മാർഗം നഷ്‌ടപ്പെട്ടപ്പോൾ മറ്റ് ചിലർ 'വീട്ടിൽ നിന്നുള്ള ജോലിയോട് പൊരുത്തപ്പെടുകയാണ്. ശരിയായ സ്‌കൂൾ പഠനത്തിനു പകരം കുട്ടികളെ ഹോംസ്‌കൂൾ ചെയ്യുന്ന രീതിയെക്കുറിച്ച് മാതാപിതാക്കള്‍ ആശങ്കയിലാണ്. ഇത്തരത്തിലുള്ള ചിന്തകൾ നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നില്ലെന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ടതായുണ്ട്. നിങ്ങൾ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നതെങ്കിൽ, മുൻപ് ചെയ്‌തിരുന്നതുപോലെ നേരത്തെ തന്നെ ഉണരുകയും, ജോലി തുടങ്ങുന്നതിന് മുൻപായി ഒരുങ്ങുകയും ചെയ്യുക. ഇത് നിങ്ങളുടെ ദിനചര്യകളില്‍ മാറ്റങ്ങൾ വരുത്താതിരിക്കും.
സമയ ക്രമീകരണം നിർണായകമാണ്
നിങ്ങൾ വീട്ടിലുള്ള ദിവസങ്ങളാണിത്. ലഭിക്കുന്ന എല്ലാ അവസരങ്ങളിലും നിങ്ങൾക്ക് ഉറങ്ങാൻ തോന്നുന്നത് സ്വാഭാവികമാണ്. ഈ പ്രലോഭനങ്ങൾക്ക് വഴങ്ങാതിരിക്കുക. നിങ്ങൾ പുറത്തുപോയി ജോലി ചെയ്യുമ്പോഴുള്ള ശീലങ്ങൾ തന്നെ പിന്തുടരുക. വീട്ടിൽ നിന്ന് ചുമതലകൾ നിർവഹിക്കുന്നവരും ഇതേ മാര്‍ഗം പിന്തുടരുക.
ശാരീരിക വ്യായാമം നിർബന്ധമാണ്
ലോക്ക്ഡൗൺ കാരണം നിങ്ങളുടെ ജിം അടച്ചിരിക്കുകയാണ്. എന്നാൽ ഇത് നിങ്ങളുടെ ശാരീരിക വ്യായാമ ശീലത്തെ ബാധിക്കരുത്. ശരിയായ ഉറക്കത്തിന് പതിവ് വ്യായാമം പ്രധാനമാണ്. ദിവസവും വ്യായാമം ചെയ്യുന്നത് തീർച്ചയായും നേട്ടമാകും. പക്ഷേ ഉറങ്ങുന്നതിനുമുമ്പ് ശരീരത്തിന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ വ്യായാമം ചെയ്യാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക. ഉറങ്ങുന്നതിനു മുന്‍പുള്ള വ്യായാമം അസ്വസ്ഥമായ ഉറക്കത്തിലേക്ക് നയിച്ചേക്കാം. അതിനാൽ, ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പ് ശാരീരിക വ്യായാമം ഒഴിവാക്കുക.
ടിവിയിൽ തുടര്‍ച്ചയായി വാര്‍ത്തകള്‍ കാണുന്ന ശീലം ഒഴിവാക്കുക
ഈ ലോക്‌ഡൗണ്‍ ദിനങ്ങളിൽ എല്ലാ ചാനലുകളും സംപ്രേഷണം ചെയ്യുന്നത് കൊവിഡുമായി ബന്ധപ്പെട്ട വാർത്തകളാണ്. തുടർച്ചയായി ഇത്തരത്തിലുള്ള വാർത്തകൾ കാണുന്നത് ഉത്കണ്‌ഠക്കും മാനസിക സമ്മർദത്തിനും കാരണമായേക്കാം. വിശ്വസനീയമായ മാധ്യമങ്ങളിലൂടെ മാത്രം വാർത്തകൾ കാണുക എന്നതാണ് മറ്റൊരു നല്ല ശീലം. നിങ്ങൾ അറിയേണ്ട വാർത്തകള്‍ പ്രമുഖ പത്രങ്ങളില്‍ നിന്നും മാത്രം വായിക്കുക. ഫോൺ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടാതെ, ഉറങ്ങുന്നതിന് മുന്‍പ് കൊവിഡുമായി ബന്ധപ്പെട്ട വാർത്തകൾ കാണാതിരിക്കുന്നതാണ് നല്ലത്.
ഉറങ്ങുന്നതിനു മുന്‍പുള്ള ഇന്‍റർനെറ്റ് ബ്രൗസിങ് ഒഴിവാക്കാം
ഇന്‍റർനെറ്റ് വിവരങ്ങളുടെയും വിനോദങ്ങളുടെയും മികച്ച ഉറവിടമാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. എന്നാൽ ദിവസം മുഴുവൻ തുടർച്ചയായി ഇന്‍റർനെറ്റ് ബ്രൗസ് ചെയ്യുന്നത് ആരോഗ്യത്തിന് ദോഷകരമായി മാറും. ഫോണും ടെലിവിഷനും ഉറക്കസമയത്തിന് ഒരു മണിക്കൂർ മുൻപ് സ്വിച്ച് ഓഫ് ചെയ്യാം. ഉറക്ക രീതി മെച്ചപ്പെടുത്തുന്നതിന് ഒരു പുസ്‌തകം വായിക്കുന്നതോ സംഗീതം കേൾക്കുന്നതോ ആണ് ഉത്തമം.
ആരോഗ്യത്തിനും ഉറക്കത്തിനും മദ്യം അപകടകരമാണ്
മദ്യപാനം നന്നായി ഉറങ്ങാൻ സഹായിക്കുന്നു എന്ന തെറ്റായ ധാരണ ചിലര്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. മദ്യപാനത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ അങ്ങനെ തോന്നാമെങ്കിലും, പിന്നീടുള്ള കാലം ഒരിക്കലും ശരിയായി ഉറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് മദ്യപാനം സൃഷ്‌ടിക്കുക. മാത്രമല്ല, അമിത സമ്മർദവും ഉത്കണ്‌ഠയും ഉള്ളപ്പോൾ മദ്യവും ഉറക്കക്കുറവും മനുഷ്യരിൽ പ്രതിരോധശേഷിയുടെ തോത് കൂടുതൽ വഷളാക്കും. അതിനാൽ, കഴിയുന്നത്ര മദ്യപാനം ഒഴിവാക്കുന്നത് എല്ലായ്‌പ്പോഴും കൂടുതൽ സുരക്ഷിതമാണ്.