പനാജി: കൊവിഡ് പശ്ചാത്തലത്തില്‍ റാപിഡ് ആന്‍റിജന്‍ പരിശോധന നടത്താനൊരുങ്ങി ഗോവ. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്. കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌ത വാസ്‌കോ നഗരത്തിലെ മാങ്കോര്‍ ഹില്‍ മേഖലയിലാണ് പരിശോധന ആരംഭിക്കുന്നത്. മൂക്കില്‍ നിന്നും സ്രവം സ്വാബുപയോഗിച്ചെടുത്ത് ആന്‍റിജനുകളുടെ സാന്നിധ്യം തിരിച്ചറിയാനുപയോഗിക്കുന്ന പരിശോധനയാണിത്. രോഗപ്രതിരോധത്തിന് പ്രേരിപ്പിക്കുന്ന ശരീരത്തിലെത്തുന്ന അന്യവസ്‌തുക്കളാണ് ആന്‍റിജന്‍. മാങ്കോര്‍ ഹില്‍ കണ്ടെയ്‌ന്‍മെന്‍റ് സോണിലെ പ്രദേശവാസികള്‍ക്ക് മാത്രമാണോ അതോ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് മാത്രമാണോ പരിശോധന നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല.
റാപിഡ് ആന്‍റിജന്‍ പരിശോധന നടത്താനൊരുങ്ങി ഗോവ
കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌ത വാസ്‌കോ നഗരത്തിലെ മാങ്കോര്‍ ഹില്‍ മേഖലയിലാണ് പരിശോധന ആരംഭിക്കുന്നത്
പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിക്കുകയാണെങ്കില്‍ ജോലിക്കു പ്രവേശിക്കാമെന്നും എന്നാല്‍ കണ്ടെയ്‌ന്‍മെന്‍റ് സോണിലേക്ക് വീണ്ടും പ്രവേശിക്കാനുള്ള അനുവാദം നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശകലന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാങ്കോര്‍ ഹില്ലിലെ 8000 താമസക്കാരില്‍ 2000 പേരെ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഗോവയില്‍ ഇതുവരെ 1761 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ ഇതുവരെ മരിച്ചു.