കേരളം

kerala

ETV Bharat / bharat

ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ മഹാത്മജി - 1948 ജനുവരി 30

1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സേയുടെ വെടിയേറ്റ് മഹാത്മാഗാന്ധി മരിച്ചത്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ഒരു രാജ്യം രൂപപ്പെടേണ്ടത് എങ്ങനെയാണെന്ന് പ്രൊഫ. എ. പ്രസന്ന കുമാർ ഗാന്ധിജിയെ കുറിച്ച് എഴുതിയ ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മതവും ജാതിയും ഇല്ലാത്ത മഹത്തരമായ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന് ഭാരതം.

ഗാന്ധിജി

By

Published : Sep 3, 2019, 9:29 AM IST

1948 ജനുവരി 30 വെള്ളിയാഴ്ച. ഒരു ഇന്ത്യൻ പൗരനും പെട്ടന്ന് മറക്കാൻ കഴിയാത്ത ദിവസമാണത്. ശൈശവ അവസ്ഥയിലുള്ള ജനാധിപത്യ രാജ്യത്തിന് അതിന്‍റെ രാഷ്ട്രപിതാവിനെ നഷ്ടപ്പെട്ടെന്ന് ചരിത്രം അടയാളപ്പെടുത്തിയ ദിവസം. നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുമ്പോൾ വൈവിദ്ധ്യങ്ങളേറെയുള്ള രാജ്യത്തിന് നഷ്ടമായത് ബഹുസ്വരതയുടേയും ലാളിത്യത്തിന്‍റെയും മുഖമായിരുന്ന രാഷ്ട്രപിതാവിനെയാണ്.

സ്വന്തം കുടുംബവുമായി വളരെ കുറച്ചുമാത്രം ചെലവഴിച്ച ഗാന്ധി ലോകം തന്നെ തന്‍റെ കുടുംബമായി കണ്ടു. മഹാത്മാവിന്‍റെ മരണത്തില്‍ ലോകം മുഴുവൻ നടുക്കം രേഖപ്പെടുത്തി. രാജ്യം മുഴുവൻ ഒരുപോലെ വിലപിച്ച ദിവസമായിരുന്നു അത്. ജനസമ്മതനായ നേതാവിന്‍റെ മരണത്തെ ഉള്‍ക്കൊള്ളാൻ ഈ നാടിനായില്ല. പല കുടുംബങ്ങളിലും അന്ന് ഭക്ഷണം പോലും പാകം ചെയ്തിരുന്നില്ലെന്ന് ചരിത്രം പറയുന്നു. ഗാന്ധിയെന്നാല്‍ ഇന്ത്യയ്ക്ക് അത്രമേല്‍ പ്രിയപ്പെട്ട നേതാവായിരുന്നു.
“നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം കടന്നുപോയിരിക്കുന്നു” എന്ന ജവഹർലാൽ നെഹ്‌റുവിന്‍റെ പ്രസംഗം റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുമ്പോൾ കേട്ടിരുന്നവര്‍ പോലും കരഞ്ഞു. 31നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അന്ന് വൈകിട്ട് ഗാന്ധിജിയുടെ സംസ്കാരം ഓൾ ഇന്ത്യ റേഡിയോ തത്സമയം പ്രക്ഷേപണം ചെയ്തു. മെൽ‌വില്ലെ ഡി മെല്ലോയുടെ വിവരണം കേട്ട് ഈ രാജ്യം വിതുമ്പി.

ഇന്ന് എഴുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം, ‘ഗാന്ധിജി എന്നാല്‍ എന്ത് ’ എന്ന ചോദ്യം ഉന്നയിക്കുമ്പോൾ പലർക്കും അത് വിചിത്രമായി തോന്നാം. ഈ ചോദ്യത്തിന്‍റെ ‘പ്രസക്തി’ ഇന്ന് ചിലർ ചോദ്യം ചെയ്യുന്നുമുണ്ടാകാം. ഇന്ന് ഇന്ത്യയിലെ കോടികണക്കിന് ജനങ്ങളിൽ ഭൂരിഭാഗം പേര്‍ക്കും ഗാന്ധിജിയെ കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും എല്ലാ കാലഘട്ടത്തിലും ഗാന്ധിജിയെന്ന ആശയം വളരെ പ്രസക്തമാണെന്ന് സംശയമില്ലാതെ പറയാം. പൂര്‍ണമായും വികസനത്തിലേക്ക് കടക്കാത്ത രാജ്യത്ത്, രാഷ്ട്രീയത്തിന്‍റേയും മതത്തിന്‍റേയും പേരില്‍ ചെളി വാരിയെറുന്ന സാമൂഹിക അവസ്ഥയുഉള്ള രാജ്യത്ത്, ഗാന്ധി എന്ന ആശയത്തിന് പ്രസക്തി കൂടുതലാണ്.
ഗാന്ധിജി ഒരുപാട് ഭാരം വഹിച്ചു. മനുഷ്യന്‍റെ ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഭാരം. ഒരുപക്ഷേ ക്രിസ്തു ചെയ്തതുപോലെ, കൂടുതൽ കാലം അദ്ദേഹം ഭാരം ചുമന്നു. അതുകൊണ്ടുതന്നെ റോമൻ റോളണ്ട് ഗാന്ധിജിയെ “കുരിശില്ലാത്ത ക്രിസ്തു” എന്ന് വിളിച്ചു. ഇതിഹാസ നായകരുടെ പോലെ ഗാന്ധിജിയുടെ ജീവിതം മുഴുവൻ മനുഷ്യ നന്മയ്ക്കായി മാറ്റിവച്ചു. "എല്ലാ തിന്മകളിൽ നിന്നും ലോകത്തെ മോചിപ്പിക്കുന്ന ഒരു മതം" എന്നതായിരുന്നു ഗാന്ധിയൻ സങ്കൽപം. അതൊരു പ്രദേശത്തിന് വേണ്ടിയോ ഒരു കൂട്ടം ആളുകള്‍ക്കു വേണ്ടിയോ ആയിരുന്നില്ല. യഥാർത്ഥ സാമ്പത്തിക ശാസ്ത്രം സാമൂഹ്യനീതിയാണെന്നും സ്വരാജ് എന്നാൽ ദുർബലരെ ശാക്തീകരിക്കുന്ന പ്രക്രിയയാണെന്നും ഗാന്ധിജി വിശ്വസിച്ചു. ഭരണസിരാകേന്ദ്രങ്ങളിലെ വ്യക്തികൾ‌ മിതജീവിതം നയിക്കണമെന്നുള്ള പരിശുദ്ധ വികാരം ഗാന്ധിജിക്ക് ഉണ്ടായിരുന്നുവെന്ന് ഏണസ്റ്റ് ബാർക്കർ എഴുതി. ഉയര്‍ന്ന ജീവിതം ലക്ഷ്യമിട്ട് ഓരോന്നിനും അലമുറയിടുന്ന ഈ കാലത്ത് ഇത്തരം ആശയങ്ങൾ വിചിത്രവും അപരിഷ്‌കൃതവുമായി തോന്നിയേക്കാം.

അധികാരത്തിന്‍റെ തലക്കനവുമായി രാഷ്ട്രീയ കസേരകളിലിരിക്കുന്നവരുടെ ജീവിതത്തില്‍ ഗാന്ധിജിക്ക് വലിയ സ്ഥാനമോ അർത്ഥമോ ഉണ്ടാവില്ല. പക്ഷേ, ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങളെ ഗാന്ധി സ്വാധീനിക്കുന്നുണ്ട്. അതിന് ഒരേയൊരു കാരണമാണുള്ളത്. ഗാന്ധി സ്വന്തം ജീവിതത്തിലൂടെ നമുക്ക് പകര്‍ന്ന സന്ദേശം. മനുഷ്യവർഗത്തിന് വേണ്ടി മാത്രം ജീവിച്ച വ്യക്തിയായിരുന്നു ഗാന്ധി. അതുകൊണ്ടുതന്നെ ഗാന്ധിയുടെ മരണത്തോടെ രാജ്യത്തിന് നഷ്ടപ്പെട്ടത് അഹിംസയുടേയും സഹിഷ്ണുതയുടേയും കാവലാളിനെയാണ്.

ABOUT THE AUTHOR

...view details