ന്യൂഡൽഹി:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മദിനത്തില്‍ ആദരവര്‍പ്പിച്ച് പ്രധാനമന്ത്രിയും മറ്റ് നേതാക്കളും. മഹാത്മാഗാന്ധിയുടെ ജീവിതത്തിൽ നിന്നും ചിന്തകളിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രിയപ്പെട്ട ബാപ്പുവിനെ ഗാന്ധി ജയന്തി ദിനത്തിൽ നമസ്‌കരിക്കുന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നിന്നും മാന്യമായ ചിന്തകളിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്. സമ്പന്നവും അനുകമ്പയുള്ളതുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കാൻ ബാപ്പുവിന്‍റെ ആശയങ്ങൾ നമ്മെ നയിക്കും, പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് പ്രണാമം അര്‍പ്പിച്ചു.
പ്രധാനമന്ത്രി പങ്ക് വെച്ച ദൃശ്യങ്ങൾ
ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് പ്രണാമം അര്‍പ്പിക്കുന്നു
രാഷ്ട്രപതി രാംനാഥ് കേവിന്ദും ഗാന്ധി ജയന്തി ദിനത്തിൽ ആശംസകൾ നേർന്നു. ഗാന്ധിജയന്തിയുടെ ഈ ശുഭദിനത്തിൽ, രാജ്യത്തിന്‍റെ ക്ഷേമത്തിനും പുരോഗതിക്കുമായി സ്വയം സമർപ്പിക്കാമെന്നും സത്യത്തിന്‍റെയും അഹിംസയുടെയും മന്ത്രം പിന്തുടരാനും ശുദ്ധവും ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് ദൃഡനിശ്ചയം ചെയ്യാമെന്നും അതിലൂടെ ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാമെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
ഉത്തര്‍പ്രദേശിലെ ഹാത്രസിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ തന്‍റെ നിലപാട് വ്യക്തമാക്കിയാണ് രാഹുല്‍ ഗാന്ധി ഗാന്ധിജയന്തി ദിനത്തില്‍ ആശംസകൾ നേർന്നത്. ലോകത്തിലെ ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഒരു തരത്തിലുള്ള അനീതിക്കും ഞാന്‍ കീഴടങ്ങില്ല. സത്യത്തിന്‍റെ ശക്തിയാല്‍ ഞാന്‍ നുണകളെ പരാജയപ്പെടുത്തും, അസത്യത്തിനെതിരെ പോരാടുമ്പോൾ എല്ലാ പോരാട്ടങ്ങളെയും അഭിമുഖീകരിക്കും. ഹൃദ്യമായ ഗാന്ധി ജയന്തി ആശംസകള്‍, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.