മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ശിവസേന. ലഡാക്ക് സംഘര്‍ഷത്തില്‍ രാജ്യം സ്വീകരിച്ച നിലപാടിന്‍റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കായി പരസ്യപ്പെടുത്താത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശിവസേനയുടെ മുഖപത്രമായ സാംനെ.
ചൈന ഇന്ത്യയുടെ പ്രദേശത്തേക്ക് നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കില്‍ അത് രാജ്യത്തിന്‍റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്നും ശിവസേന മുഖപത്രത്തിലെ ലേഖനത്തിലൂടെ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ശക്തമായിരുന്നെന്ന തരത്തില്‍ പ്രചാരണമുണ്ടെന്നും എന്നാല്‍ ഈ ആറ് വര്‍ഷത്തിനിടെ പാകിസ്ഥാനും, നേപ്പാളും ഇപ്പോള്‍ ചൈനയും രാജ്യത്തെ ആക്രമിച്ചിട്ടുണ്ടെന്നും ലേഖനത്തിലൂടെ ശിവസേന അവകാശപ്പെട്ടു. അയല്‍രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധം പുലര്‍ത്തുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.
പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചും ശിവസേന എഴുതിയിട്ടുണ്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്കുകൾക്ക് ശേഷവും പാകിസ്ഥാന്‍റെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നും ചൈനയെ വിശ്വസിക്കാൻ കഴിയില്ലെന്നും, വഞ്ചനക്ക് പേരുകേട്ടവരാണെന്നും ലേഖനത്തില്‍ പറയുന്നു. നേപ്പാളും ഇത്തരത്തില്‍ ഇന്ത്യക്ക് എതിരായാല്‍ രാജ്യത്തിന്‍റെ നില വഷളാകുമെന്ന് സാംനെ പറയുന്നു.