ഷിംല: അതിര്‍ത്തി മേഖലയായ ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികർക്ക് ജീവൻ നഷ്‌ടമായതിനെ തുടർന്ന് ഹിമാചൽ പ്രദേശ് അതീവ ജാഗ്രതയിൽ. പ്രാദേശിക ജനതയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചൈനീസ് അതിർത്തിയിലുള്ള കിന്നോർ, ലാഹുൽ-സ്‌പിതി ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് വക്താവ് ഖുഷാൽ ശർമ പറഞ്ഞു.
ഗൽവാൻ ഏറ്റുമുട്ടൽ; ഹിമാചൽ പ്രദേശ് അതീവ ജാഗ്രതയിൽ
പ്രാദേശിക ജനതയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചൈനീസ് അതിർത്തിയിലുള്ള ഹിമാചൽ പ്രദേശിലെ കിന്നോർ, ലാഹുൽ-സ്‌പിതി ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്
ചൈന അതിർത്തിയിലുള്ള കിന്നോർ ജില്ലയിലെ 14 ഗ്രാമങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഈ ഗ്രാമങ്ങളിലെ ഇന്ത്യൻ സൈനിക വാഹനങ്ങളും, സൈനിക ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി മേഖലയായ ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ 17 സൈനികർ കൂടി വീരമൃത്യു വരിച്ചു. മൂന്ന് സൈനികരാണ് തിങ്കളാഴ്‌ച രാത്രി രാജ്യത്തിനായി ജീവന്‍ വെടിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ 17 പേര്‍ക്ക് കടുത്ത കാലാവസ്ഥയെ അതിജീവിക്കാൻ കഴിഞ്ഞില്ലെന്ന് ഇന്ത്യൻ സേന അറിയിച്ചു.
അപ്രതീക്ഷിതമായാണ് ചൈനീസ് സേന പട്രോളിംഗിലുണ്ടായിരുന്ന ഇന്ത്യൻ സൈനികരെ ആക്രമിച്ചത്. സംഘർഷത്തിൽ കമാൻഡർ ഓഫീസർ ഉൾപ്പെടെ 20 സൈനികർ മരിച്ചു. ഇരുവിഭാഗവും ശക്തമായി തിരിച്ചടി നടത്തിയതിനാൽ അർധരാത്രി വരെ പോരാട്ടം തുടർന്നു. സംഘർഷത്തിനിടക്ക് നിരവധി ഇന്ത്യൻ സൈനികരെ കാണാതായി. ചൊവ്വാഴ്‌ച ഇന്ത്യൻ, ചൈനീസ് ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിശദീകരിക്കാൻ യോഗം വിളിച്ചുചേർത്തു. 1975 ലെ അരുണാചൽ പ്രദേശിൽ നടന്ന ആക്രമണത്തിന് ശേഷമുള്ള ആദ്യത്തെ വലിയ ഏറ്റുമുട്ടലാണിത്.