ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടം പൂർത്തിയായി. ഒമ്പത് സംസ്ഥാനങ്ങളിലെ 72 ലോക്സഭാ മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ആകെ 64 ശതമാനം പോളിങ് രേഖപ്പെടുത്തി.
ഇലക്ട്രോണിക് യന്ത്രത്തിലെ തകരാറു മൂലം നിരവധി ബൂത്തുകളിൽ ആദ്യമണിക്കൂറുകളിൽ പോളിങ് വൈകിയിരുന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഒഡിഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലെല്ലാം മെച്ചപ്പെട്ട പോളിങ് രേഖപ്പെടുത്തി. നാലാം ഘട്ടത്തിൽ ബംഗാളിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയപ്പോൾ ജമ്മുകശ്മീരിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.
ബിജെപിയും കോൺഗ്രസും ശക്തമായി പോരാടിയ നാലാം ഘട്ടത്തില്‍ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, സുഭാഷ് ഭാംരെ, എസ്എസ് അലുവാലിയ, ബാബുല്‍ സുപ്രിയോ എന്നിവർ ജനവിധി തേടി. സിപിഐ സ്ഥാനാർഥിയായി ബീഹാറിലെ ബെഗുസരായില്‍ കനയ്യ കുമാറും മുബൈയ് നോർത്തില്‍ കോൺഗ്രസ് സ്ഥാനാർഥിയായി നടി ഊർമിള മതോണ്ട്കറും ഇന്ന് ജനവിധി തേടിയ പ്രമുഖരിൽ പെടുന്നു.
ഇന്ന് വിധിയെഴുതിയ 72 മണ്ഡലങ്ങളിൽ 56-ഉം 2014ൽ എൻഡിഎ സഖ്യം നേടിയിരുന്നു. കോൺഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് കിട്ടിയത്. ബാക്കി 14 സീറ്റുകൾ തൃണമൂൽ കോൺഗ്രസിനും ബിജു ജനതാദളിനും ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും എന്നതില്‍ അന്തിമ തീരുമാനം ഇന്നത്തെ പോളിങിനെ ആശ്രയിച്ചിരിക്കും.