ലഖ്‌നൗ:സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ അറസ്റ്റില്‍. മൃഗസംരക്ഷണ വകുപ്പിൽ ടെണ്ടർ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 9.72 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ചീഫ് പേഴ്‌സണൽ സെക്രട്ടറി രജനീഷ് ദീക്ഷിത്, മന്ത്രിയുടെ സ്വകാര്യ സെക്രട്ടറി ധീരജ് കുമാർ, പത്രപ്രവർത്തകൻ അഖിലേഷ് കുമാർ, ആശിഷ് റായ് എന്നിവരാണ് അറസ്റ്റിലായത്. ഇൻഡോർ സ്വദേശിയായ മൻജീത് സിംഗ് ഭാട്ടിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
9.72 കോടി രൂപയുടെ തട്ടിപ്പ്; യുപിയിൽ നാല് പേർ അറസ്റ്റിൽ
മന്ത്രിയുടെ ചീഫ് പേഴ്‌സണൽ സെക്രട്ടറി രജനീഷ് ദീക്ഷിത്, മന്ത്രിയുടെ സ്വകാര്യ സെക്രട്ടറി ധീരജ് കുമാർ, പത്രപ്രവർത്തകൻ അഖിലേഷ് കുമാർ, ആശിഷ് റായ് എന്നിവരാണ് അറസ്റ്റിലായത്
പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം രജനീഷ് ദീക്ഷിത്, ധീരജ് കുമാർ, ആശിഷ് റായ് എന്നിവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ മൂന്ന് പേരും കുറ്റം സമ്മതിച്ചു. ശേഷം കൂട്ടാളിയായ അഖിലേഷിനെയും വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 28.32 ലക്ഷം രൂപ, എസ്.കെ മിത്തൽ എന്ന പേരിലുള്ള തിരിച്ചറിയൽ കാർഡ്, പ്രസ് കാർഡ്, കൊവിഡ് 19 പാസ് കാർഡ്, ആധാർ കാർഡ്, ആറ് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. വിദാൻ സഭ സെക്രട്ടേറിയറ്റിലെ ഒരു മുറിയിലാണ് താനും കൂട്ടാളികളും പ്രവർത്തിച്ചതെന്ന് ആശിഷ് റായ് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറായി ആൾമാറാട്ടം നടത്തിയാണ് ഭാട്ടിയയുടെ കയ്യിൽ നിന്നും പണം തട്ടിയത്. സെക്രട്ടേറിയറ്റിൽ ഒരു മുറി നൽകുന്നതിന് റായ് തനിക്ക് ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി രജനീഷ് പറഞ്ഞു.