ബംഗളൂരു: കര്‍ണാടകാ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശ്വാസമില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. സംസ്ഥാനത്തിന് ലഭ്യമാകേണ്ട കേന്ദ്രസഹായത്തില്‍ കാലതാമസം നേരിടുന്നതിന് ഈ വിശ്വാസക്കുറവ് കാരണമാകുന്നുണ്ട്. പ്രധാനമന്ത്രിയെ നേരിട്ടു കാണുന്നതിലുള്ള കഴിവില്ലായ്മയും അകല്‍ച്ച വ്യക്തമാക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. പ്രളയ സഹായം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മോദിക്ക് യെദ്യൂരപ്പയെ വിശ്വാസമില്ല; കുമാരസ്വാമി
പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച സഹകരണം പുലര്‍ത്തിയിരുന്നു. കുടകില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് നല്ല രീതിയില്‍ സഹായിച്ചു. മോദിയുമായി നിരന്തരം ഫോണില്‍ സംസാരിക്കുമായിരുന്നുവെന്നും കുമാരസ്വാമി.
താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സംസ്ഥാന സര്‍ക്കാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച സഹകരണം പുലര്‍ത്തിയിരുന്നു. കുടകില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നല്ല സഹായമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. പ്രളയ വിഷയത്തില്‍ മോദിയുമായി നിരന്തരം ഫോണില്‍ സംസാരിക്കുമായിരുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയെന്ന യെദ്യൂരപ്പയുടെ ആരോപണം കുമാരസ്വാമി തള്ളി. 14 മാസം ഈ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന ആളാണ് താന്‍. ഖജനാവില്‍ ഇപ്പോള്‍ എത്ര പണം ഉണ്ടെന്നും തനിക്കറിയാം. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് സാമ്പത്തിക പ്രശ്നങ്ങളില്ല. എന്നിട്ടും ഖജനാവ് ശൂന്യമാണെന്നാണ് യെദ്യൂരപ്പയുടെ വാദമെന്നും കുമാരസ്വാമി പരിഹസിച്ചു.