ഡൽഹി: ധനകാര്യമന്ത്രി നിർമല സീതാരാമൻ പൊതുമേഖല ബാങ്ക് സിഇഒമാരുമായി നടത്താനിരുന്ന അവലോകന യോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്രെഡിറ്റ് ഓഫ് ടേക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് വീഡിയോ കോൺഫറൻസിങ് നടത്താനിരുന്നത്.
ബാങ്കുകളുടെ പലിശ നിരക്കും വായ്‌പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയത്തിന്‍റെ പുരോഗതിയും അജണ്ടയിൽ ഉൾപ്പെടുന്നു. മാർച്ച് 27 ന് റിസർവ് ബാങ്ക് ബെഞ്ച്മാർക്ക് പലിശനിരക്ക് 75 ബേസിസ് പോയിന്‍റ് കുറച്ചിരുന്നു.
വായ്‌പ തിരിച്ചടവുള്ളവർക്ക് ആശ്വാസം നൽകുന്നതിനായി ബാങ്കുകൾ മൂന്ന് മാസത്തെ മൊറട്ടോറിയം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പൊതു-സ്വകാര്യ മേഖല ബാങ്ക് മേധാവികളുമായി യോഗം ചേർന്നിരുന്നു. സാമ്പത്തിക സ്ഥിതിഗതികൾ മനസിലാക്കാനും സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച വിവിധ നടപടികൾ നടപ്പാക്കാനും അവലോകനം നടത്തുകയും ചെയ്തിരുന്നു.