ഹൈദരാബാദ്: 117 യാത്രക്കാരുമായി ക്വാലാലംപൂരിൽ നിന്ന് എയർ ഇന്ത്യ വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ക്വാലാലംപൂരിൽ നിന്നും എഐ 1385 വിമാനം വ്യാഴാഴ്ച രാത്രി 10.12 ന് ലാൻഡ് ചെയ്തതായി വിമാനത്താവള വക്താവ് അറിയിച്ചു. വ്യാഴാഴ്ച മൂന്ന് വിമാനങ്ങളാണ് ഹൈദരാബാദിൽ എത്തിയത്. വന്ദേ ഭാരത് മിഷന് കീഴിൽ ഇതുവരെ ഏഴ് വിമാനങ്ങൾ ഹൈദരാബാദിൽ എത്തി.
ക്വാലാലംപൂരിൽ നിന്നും എയർ ഇന്ത്യ വിമാനം ഹൈദരാബാദിൽ എത്തി - Hyderabad
ഫിലിപ്പീൻസ്, അമേരിക്ക, ക്വാലാലംപൂർ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് വിമാനങ്ങളാണ് വ്യാഴാഴ്ച ഹൈദരാബാദിൽ എത്തിയത്
ഫിലിപ്പീൻസ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നായി 312 യാത്രക്കാരുമായി രണ്ട് വിമാനങ്ങൾ വ്യാഴാഴ്ച പുലർച്ചെ എത്തിയിരുന്നു. മനിലയിൽ നിന്ന് ഡൽഹി വഴി 149 യാത്രക്കാരാണ് ഹൈദരാബാദിൽ എത്തിയത്. വാഷിംഗ്ടണിൽ നിന്നും ഡൽഹി വഴിയാണ് 163 യാത്രക്കാർ എത്തിയത്. ഇവരെ 14 ദിവസത്തെ നിരീക്ഷണത്തിനായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ അനുസരിച്ച് തെലങ്കാന സർക്കാർ, വിവിധ കേന്ദ്ര ഏജൻസികൾ, വിമാനത്താവള അധികൃതർ എന്നിവരുമായി ചേർന്ന് പ്രത്യേക ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി എയർപോർട്ടിൽ എത്തുന്ന ഓരോരുത്തരേയും തെർമൽ ക്യാമറയിലൂടെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. യാത്രക്കാരുടെ ബാഗേജുകളും പ്രത്യേകമായി അണുവിമുക്തമാക്കി.