പട്ന; ഇന്ത്യയില്‍ ആൾക്കൂട്ട ആക്രമണവും അസഹിഷ്ണുതയും വർദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ സിനിമാ സാംസ്കാരിക പ്രവർത്തകർക്കെതിരെ എഫ്ഐആർ സമർപ്പിച്ചു. ഗവേഷകനും ചരിത്രകാരനുമായ രാമചന്ദ്രഗുഹ, സംവിധായകൻ മണിരത്നം, ചലച്ചിത്ര പ്രവർത്തകരായ അടൂർ ഗോപാലകൃഷ്ണൻ, രേവതി, അപർണാസെൻ എന്നിവരടക്കം അൻപതോളം പ്രമുഖ വ്യക്തികൾക്കെതിരെയാണ് എഫ്ഐആർ സമർപ്പിച്ചത്. ബിഹാറിലെ സദർ സ്റ്റേഷനിലാണ് കേസെടുത്തത്.
പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ എഫ്ഐആർ - RAMACHANDRA GUHA
ഗവേഷകനും ചരിത്രകാരനുമായ രാമചന്ദ്രഗുഹ, സംവിധായകൻ മണിരത്നം, ചലച്ചിത്ര പ്രവർത്തകരായ അടൂർ ഗോപാലകൃഷ്ണൻ, രേവതി, അപർണാസെൻ എന്നിവരടക്കം അൻപതോളം പ്രമുഖ വ്യക്തികൾക്കെതിരെയാണ് എഫ്ഐആർ സമർപ്പിച്ചത്.
സുധീർ കുമാർ ഓജ എന്ന അഭിഭാഷകൻ സമർപ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് കേസെടുക്കാൻ ഉത്തരവിട്ടത്. പ്രധാനമന്ത്രിക്ക് അയച്ച കത്ത് രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയുടെ പ്രകടനത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് സുധീർ കുമാർ പരാതി നല്‍കിയത്. രാജ്യത്തെ വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണ് നടപടിയെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. രാജ്യദ്രേഹം, പൊതുജനശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്നി വകുപ്പുകൾ പ്രകാരമാണ് കേസ്. കഴിഞ്ഞ ജൂലായിലാണ് അൻപതോളം സാഹിത്യ, സിനിമാ, സാംസ്കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചത്.