ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ കർഷകരുടെ നിലപാടുകളും കൂടുതൽ ശക്തമാകുകയാണ്. സിംഗു അതിർത്തിയിൽ കർഷകർ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാസേനയും അതിർത്തിയിൽ നിലയുറപ്പിച്ചു. അതിർത്തിയിൽ നിന്നും പോകില്ലെന്നും പ്രതിഷേധം തുടരുമെന്നും കർഷകർ ഇന്നലെ തീരുമാനിച്ചിരുന്നു. പ്രതിഷേധം സംബന്ധിച്ച ചർച്ചകൾക്കായി ദിവസവും രാവിലെ 11 മണിക്ക് കൂടിക്കാഴ്‌ച നടത്താമെന്നാണ് കർഷകരുടെ തീരുമാനം.
കർഷകരുടെ പ്രതിഷേധം സിംഗു അതിർത്തിയിൽ തുടരും - farmers protest delhi
പൊലീസ് നിർദേശം അനുസരിച്ച് ഒരു വിഭാഗം കർഷകർ ബുരാരി മൈതാനത്ത് പ്രതിഷേധത്തിനെത്തിയെങ്കിലും സിംഗു അതിർത്തിയിലെ കർഷകർ അവിടെ തന്നെ തുടരുകയാണ്.
കർഷകർ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ തുടരുമെന്നും തുടർ നടപടികൾ ഞായറാഴ്‌ച തീരുമാനിക്കുമെന്നും യൂണിയൻ നേതാക്കൾ അറിയിച്ചു. ഡൽഹിയിലെ ബുരാരി മൈതാനത്തേക്ക് കർഷകരെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ബൂട്ടാ സിംഗ് ബുർജിൽ പറഞ്ഞു. നിരവധി കർഷക സംഘടനകളുടെ പ്രതിനിധികളുമായി ഞായറാഴ്‌ച കൂടിക്കാഴ്‌ച നടക്കുന്നുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പ്രതിഷേധം ബുരാരിയിലേക്ക് മാറുകയില്ലെന്ന് പഞ്ചാബിലെ ഏറ്റവും വലിയ കർഷക സംഘടനകളിലൊന്നായ ബി.കെ.യു വ്യക്തമാക്കി. പ്രതിഷേധത്തിനായി ജന്തർ മന്തറിൽ അവസരം ഒരുക്കണമെന്നും ബി.കെ.യു ഉപാധ്യക്ഷൻ ഝണ്ട സിംഗ് ജെതുക്കെ കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചു.