ന്യൂഡല്‍ഹി: ഫേസ്ബുക്ക് വിവാദത്തില്‍ തർക്കം രൂക്ഷമാകുന്നു. ഇൻഫോർമേഷൻ ടെക്നോളജി സ്റ്റാൻഡിങ് കമ്മിറ്റി തലപ്പത്ത് നിന്ന് ശശി തരൂർ എംപിയെ മാറ്റണമെന്ന് ബിജെപി എംപിയും കമ്മിറ്റി പാനല്‍ അംഗവുമായ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ലോക്‌സഭ സ്പീക്കർ ഓം ബിർളയ്ക്ക് ദുബെ കത്ത് നല്‍കി. ലോക്‌സഭ നടപടിക്രമങ്ങൾ ലംഘിച്ചതിന് ശശി തരൂരിനെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. ഇംഗ്ലീഷ് ഭാഷ വിദേശ ഉച്ചാരണത്തോടെ സംസാരിക്കുന്നത് കൊണ്ട് ലോക്‌സഭ ചട്ടം ലംഘിക്കാൻ ആർക്കും അധികാരമില്ല. സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി ഭരണഘടനയെ ദുരുപയോഗം ചെയ്യുന്നതിനും ആർക്കും സ്വാതന്ത്ര്യമില്ലെന്നും ദുബെ ആരോപിച്ചു.
ഫേസ്ബുക്ക് വിവാദം; തരൂരിനെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി
ലോക്‌സഭ നടപടിക്രമങ്ങൾ ലംഘിച്ചതിന് ശശി തരൂരിനെതിരെ നടപടി എടുക്കണമെന്ന് ബിജെപി എംപിയും കമ്മിറ്റി പാനല്‍ അംഗവുമായ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.
നേരത്തെ ശശി തരൂർ എംപിക്ക് എതിരെ ലോക്‌സഭ സ്പീക്കർക്ക് രാജവർധൻ സിംഗ് റാത്തോറും പരാതി നല്‍കിയിരുന്നു. ഫേസ്ബുക്ക് അധികൃതരെ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചു വരുത്തിയേക്കുമെന്ന ശശി തരൂരിന്‍റെ ട്വീറ്റിനെതിരെയാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയത്. ആരെയാണ് വിളിപ്പിക്കുന്നതെന്നും യോഗത്തിന്‍റെ അജണ്ട എന്തായിരിക്കുമെന്നും ഉള്ള പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത് ലോക്സഭ നടപടിക്രമങ്ങൾക്ക് എതിരാണ്. ഐടി കമ്മിറ്റി ചെയർമാനില്‍ നിന്ന് ഇത്തരത്തിലൊരു നീക്കം ശരിയല്ല. സ്റ്റാൻഡിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളോട് ആലോചിക്കാതെയാണ് ശശി തരൂർ മാധ്യമങ്ങളോട് ഇക്കാര്യം ചർച്ച ചെയ്തതെന്നും റാത്തോർ ആരോപിച്ചു. തരൂർ നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ അംഗം കൂടിയാണ് റാത്തോർ. ഇന്ത്യയില്‍ ഫേസ്ബുക്ക് അധികൃതർ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചെന്ന വാർത്ത വന്നതിന് പിന്നാലെയുള്ള കോൺഗ്രസ് എംപിയായ ശശി തരൂർ പോസ്റ്റ് ചെയ്ത ട്വീറ്റാണ് വിവാദമായത്.