ന്യൂഡല്‍ഹി; മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. ഇരു സംസ്ഥാനങ്ങളിലും ബിജെപി സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നാണ് ദേശീയ മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളില്‍ ബിജെപി - ശിവസേന സഖ്യത്തിന് 166 മുതല്‍ 243 സീറ്റുകൾ വരെയാണ് പ്രവചനം.
ന്യൂസ് 18 -ഐപിഎസ്ഒഎസ് സർവേ പ്രകാരം എൻഡിഎയ്ക്ക് 243 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് പ്രവചനം. കോൺഗ്രസ്-എൻസിപി സഖ്യം 41 സീറ്റില്‍ ഒതുങ്ങുമെന്നും ന്യൂസ് 18 സർവേ ഫലം സൂചിപ്പിക്കുന്നു. ഇന്ത്യ ടുഡെ ആക്സിസ് സർവേ പ്രകാരം ബിജെപി സഖ്യത്തിന് 194 സീറ്റുകൾ വരെ ലഭിക്കാം. കോൺഗ്രസ് സഖ്യത്തിന് 90 സീറ്റുകൾ വരെ ഇന്ത്യ ടുഡെ പ്രവചിക്കുമ്പോൾ മറ്റുള്ളവർക്ക് 34 സീറ്റുകൾ വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ ആക്സിസ് പ്രവചനമുണ്ട്.
ടൈംസ് നൗ ബിജെപി സഖ്യത്തിന് 230 സീറ്റുകളാണ് പ്രവചിക്കുന്നത്. എബിപി സീവോട്ടർ 204 സീറ്റുകൾ വരെ നേടി എൻഡിഎ അധികാരം നിലനിർത്തുമെന്ന് പറയുമ്പോൾ റിപ്പബ്ലിക് 230 സീറ്റുകളും ടിവി 9 197 സീറ്റുകളും ബിജെപി സഖ്യത്തിന് പ്രവചിക്കുന്നു.
അതേസമയം 90 സീറ്റുകളുള്ള ഹരിയാനയില്‍ ബിജെപി സഖ്യത്തിന് 69 മുതല്‍ 72 സീറ്റുകൾ വരെയാണ് എക്സിറ്റ് പോൾ പ്രവചനം. എന്നാല്‍ കോൺഗ്രസ് സഖ്യത്തിന് 10 മുതല്‍ 12 സീറ്റുകൾ വരെ മാത്രമാണ് പ്രവചിക്കുന്നത്. എബിപി സീവോട്ടർ 72 സീറ്റുകളാണ് എൻഡിഎയ്ക്ക് പ്രവചിക്കുന്നത്. കോൺഗ്രസിന് എട്ട് സീറ്റുകൾ ലഭിക്കുമെന്ന് പറയുമ്പോൾ മറ്റുള്ളവർക്ക് എബിപി പത്ത് സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.
ടൈസ് നൗ ബിജെപി സഖ്യത്തിന് 71 സീറ്റുകളും റിപ്പബ്ലിക് 63 സീറ്റുകളും പ്രവചിക്കുന്നുണ്ട്. കോൺഗ്രസ് സഖ്യത്തിന് പത്ത് സീറ്റുകൾ പ്രവചിക്കുമ്പോൾ മറ്റുള്ളവർക്കും പത്ത് മുതല്‍ 12 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്.