ന്യുഡൽഹി : ബിജെപിക്ക് അധികാരത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. രാജ്യത്ത് എൻഡിഎ തരംഗമെന്നാണ് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും വിലയിരുത്തുന്നത്. 2014 ൽ ബിജെപി നേടിയ അതേ കണക്കുകള്‍ തന്നെയാണ് ഭൂരിപക്ഷം സർവേകളും പറയുന്നത്. ന്യൂസ് എക്സ് നെറ്റാ ഒഴികെയുള്ള എല്ലാ സർവെകളിലും എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നു. എന്‍ഡിഎ ശരാശരി 280ലേറെ സീറ്റുകൾ നേടുമെന്ന് സർവേകൾ പറയുന്നു.
ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ പ്രവചന പ്രകാരം എൻഡിഎ 306 സീറ്റ് നേടുമ്പോൾഎൻഡി ടിവി– 300, ജൻകി ബാത്ത് പോൾ– 305, റിപ്പബ്ലിക് സീ വോട്ടർ– 287 തുടങ്ങിയവയും എൻഡിഎക്ക് വ്യക്തമായ മേധാവിത്വം നൽകുന്നു. കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നാണ് എക്സിറ്റ് പോള്‍ വിലയിരുത്തൽ.
ബിഹാറിൽ എൻഡിഎ 30 സീറ്റുള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 10 സീറ്റിലേക്ക് ചുരുങ്ങുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
മഹാരാഷ്ട്രയിൽ 38 മുതൽ 42 വരെ സീറ്റുകള്‍ എൻഡിഎ നേടുമെന്ന് ഇന്ത്യ ടുഡേ സർവേ ഫലങ്ങള്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസിന് ആറ് മുതൽ 10 വരെ സീറ്റ് മാത്രമേ ലഭിക്കുമെന്നും ഇന്ത്യ ടുഡേ വെക്തമാക്കുന്നു. ഹരിയാനയിൽ എൻഡിഎ ഒൻപത് സീറ്റുകള്‍ നേടുമെന്ന് വിലയിരുത്തുന്ന ഇന്ത്യ ടിവി-സി എൻ എക്സിറ്റ് പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമെന്നും പ്രവചിക്കുന്നു. രാജസ്ഥാനിൽ ബിജെപി 21 സീറ്റ് നേടുമെന്നാണ് ഇന്ത്യ ടിവി - സി എൻ എൻ എക്സിറ്റ് പോള്‍ ഫലം, കോണ്‍ഗ്രസ് നാല് സീറ്റുകളിൽ ഒതുങ്ങുമെന്നും സർവേയിൽ പറയുന്നു. മധ്യപ്രദേശിലും 26 മുതൽ 28 സീറ്റുകള്‍ വരെ എൻഡിഎ നേടുമെന്നാണ് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍. ഛത്തീസ്ഗഡിലും ഇഞ്ചോടിഞ്ച് പോരട്ടമാണ് വിലയിരുത്തുന്നത്, ബിജെപി ആറ് സീറ്റ് നേടുമ്പോള്‍ കോൺഗ്രസ് അഞ്ച് സീറ്റ് വരെ നേടുമെന്ന് എബിപി സർവേ പറയുന്നു.
ആന്ധ്രയിൽ വൈഎസ് ആർ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. 18 മുതൽ 20 സീറ്റുകള്‍ വരെ ഇവിടെ വൈഎസ് ആർ കോണ്‍ഗ്രസ് നേടുമെന്ന് ഇന്ത്യ ടുഡേ സർവേയിൽ വ്യക്തമാക്കുന്നു. ഡിടിപിക്ക് നാല് മുതൽ ആറ് സീറ്റ് വരെ മാത്രമാകും ലഭിക്കുക. ആന്ധ്രയിൽ വൈഎസ് ആർ കോണ്‍ഗ്രസും , ഡിടിപിയും, ഒപ്പത്തിനൊപ്പമെന്നാണ് ന്യുസ് 18 വിലയിരുത്തൽ. കർണാടകത്തിൽ ബിജെപി 17 മുതൽ 19 സീറ്റുകള്‍ വരെ നേടുമെന്നാണ് ന്യുസ് നേഷൻ സർവേ പറയുന്നത്. കോൺഗ്രസ് ഒൻപത് മുതൽ 11 സീറ്റുകള്‍ വരെ നേടുമെന്നും ന്യുസ് നേഷൻ ഫലത്തിൽ പ്രവചിക്കുന്നു. തെലുങ്കാനയിൽ ടിആർഎസ് 10 മുതൽ 12 സീറ്റുകള്‍ വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ സർവേ ഫലം. തമിഴ്നാട്ടിൽ യുപിഎ 22 മുതൽ 24 സീറ്റുകള്‍ നേടുമെന്ന് ന്യുസ് നേഷൻ വിലയിരുത്തുമ്പോള്‍ അണ്ണ ഡിഎംകെ 14 മുതൽ 16 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. മക്കള്‍ നീതി മയ്യം അക്കൗണ്ട് തുറക്കില്ലന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.